രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വിശദമായി വാദം കേള്‍ക്കാതെയാണു മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് കേന്ദ്രം ഹര്‍ജിയില്‍ പറയുന്നത്. കുറ്റവാളികളെ മോചിപ്പിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. കോൺഗ്രസ് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹർജി നൽകുന്നത്. കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും നവംബർ പതിനൊന്നിനാണ് സുപ്രീംകോടതി മോചിപ്പിക്കാൻ നിർദേശിച്ചത്.
മുപ്പത് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന നളിനി ശ്രീഹരൻ ഉൾപ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാൻ കഴിഞ്ഞ മേയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളൻറെ ഉത്തരവ് മറ്റ് പ്രതികൾക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. കേസിലെ ആറ് പ്രതികളിൽ രവിചന്ദ്രൻ, റോബർട്ട് പയസ്, മുരുകൻ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയുരുന്നു. കോടതി രാജ്യത്തിൻറെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞു.