ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 2022 നവംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ നിര്‍മ്മിച്ച ചില മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു. ഈ മോട്ടോര്‍സൈക്കിളുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈഡ് റിഫ്‌ലക്ടറുകളില്‍ തകരാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. ഈ റിഫ്‌ലക്ടറുകള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. കുറഞ്ഞ വെളിച്ചത്തില്‍ പ്രകാശത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. ഇത് ദൃശ്യപരത കുറച്ചേക്കാം. ഇത് റൈഡറുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് റോയല്‍ എന്‍ഫീല്‍ഡ് ആഗോളതലത്തില്‍ തിരിച്ചുവിളിനടത്തിയിരിക്കുന്നത്. തകരാറിലായ വാഹനങ്ങളുടെ റിഫ്ളക്ടറുകള്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇത് മാറ്റിസ്ഥാപിക്കാന്‍ ഒരു മോട്ടോര്‍സൈക്കിളിന് 15 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് കമ്പനി പറഞ്ഞു.