പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം ‘എമ്പുരാന്‍’ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മികച്ച ഓപണിംഗ് നേടിയപ്പോള്‍ വിദേശ കളക്ഷനില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം. വിജയ് നായകനായ തമിഴ് ചിത്രം ലിയോയെ മറികടന്ന് 6.30 ലക്ഷം പൗണ്ട് ആണ് ചിത്രം യുകെയില്‍ നേടിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം 2.45 മില്യണ്‍ ഡോളര്‍ നേടി. ജിസിസിയില്‍ നിന്ന് മാത്രം ആദ്യ ദിനം 20.93 കോടി രൂപ നേടി. ഏറ്റവും വലിയ കളക്ഷനാണ് ചിത്രം ഓസ്‌ട്രേലിയയില്‍ നേടിയിരിക്കുന്നത്. യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ നിന്നായി 7 ലക്ഷം ഡോളര്‍. 1.37 ലക്ഷം യൂറോ ആണ് ജര്‍മനിയിലെ കളക്ഷന്‍. വിദേശ രാജ്യങ്ങളിലെ ആകെ കളക്ഷന്‍ നോക്കിയാല്‍ ആദ്യ ദിനം 5 മില്യണ്‍ ഡോളറിലധികം. അതായത് 43.93 കോടി രൂപ വിദേശത്ത് നിന്ന് മാത്രം ചിത്രം നേടി. ഇന്ത്യയിലെ 22 കോടി (നെറ്റ്) കൂടി കൂട്ടുമ്പോള്‍ 65 കോടിക്ക് മുകളിലാണ് എമ്പുരാന്റെ ആദ്യ ദിന ആഗോള ഓപണിംഗ്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ചിത്രത്തേക്കാള്‍ (മരക്കാര്‍ അറബിക്കടലിന്റെ സിംഹം) മൂന്നിരട്ടി തുകയാണ് ചിത്രം ഓപണിംഗില്‍ നേടിയിരിക്കുന്നത്.