ഏകാദശി…..!!!!
ചാന്ദ്ര മാസ-കാലഗണനയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി…!!!
അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു.
ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം’ എന്നും പറയുന്നു.ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.
ഇഹലോകസുഖവും പരലോകസുഖവും ഫലമെന്ന് വിശ്വസിയ്ക്കപ്പെടുന്ന. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എന്നാൽ കറുത്തപക്ഷം ഏകാദശിയും ആചരിച്ചുവരാറുണ്ട്.
ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സന്ന്യാസികൾ, വിധവകൾ മുതലായവർ കൃഷ്ണപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തിൽ വേണം ഏകാദശിവ്രതം ആരംഭിക്കുവാൻ. വൈഷ്ണവ സമ്പ്രദായത്തിൽ എപ്പോൾ വേണമെങ്കിലും തുടങ്ങാം.
എകാദശി നാളിൽ പൂർണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം – ദശമി ദിവസം – മുതൽ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ പഴങ്ങൾ കഴിക്കാം. ക്രമേണ പഴങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഒടുവിൽ മരണത്തിനിരയായാൽ വിഷ്ണുപദം പൂകാമെന്നും വിശ്വസിക്കപ്പെടുന്നു.ഏകാദശി പുരാണ കഥകൾ അനുസരിച്ച് ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്.
ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.
ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത് എന്നും പറയപ്പെടുന്നു.