ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല എളുപ്പ വഴി ഭക്ഷണം പതുക്കെ കഴിക്കുക എന്നതാണ്. തിരക്കു കൂടുന്നതിന് അനുസരിച്ച് ആളുകള്‍ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നു. ഇത് ഇന്നത്തെ തലമുറയുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്ന പുതതലമുറയാണ് ഇപ്പോഴുള്ളത്. ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്‌കം സംതൃപ്തിയുടെ സിഗ്‌നലുകള്‍ അയയ്ക്കാന്‍. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനില്‍ക്കില്ലെന്നതാണ് സത്യം! അതുകൊണ്ട് തന്നെ അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മര്‍ദ്ദത്തിലാവുകയും ശരീരം ഫൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. തുടര്‍ന്ന് വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് നയിക്കുന്നു. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന് വയര്‍ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നിങ്ങളുടെ ശരീരത്തിന് സമയം നല്‍കുന്നു എന്നതാണ്. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദ്ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമല്‍ ദഹനത്തിന് അനുയോജ്യമായ അവസ്ഥയാണ്. ഭക്ഷണം സമയമെടുത്ത് വായില്‍ വെച്ച് ചവച്ച് കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം സാവകാശം കഴിക്കുന്നത് സംതൃപ്തിയുണ്ടാക്കുകയും ചെയ്യും.