ഒഴിവുവേളകള്‍ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായാണ് മിക്ക ആളുകളും ഗെയിം കളിക്കാറുള്ളത്. പലരും നേരമ്പോക്കായി കാണുന്ന മേഖല കൂടിയാണ് ഗെയിമിംഗ്. എന്നാല്‍, ഗെയിമിംഗ് ഗൗരവമായി എടുക്കുകയാണെങ്കില്‍ ലക്ഷങ്ങള്‍ വരുമാനം ഉണ്ടാക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇ-സ്‌പോര്‍ട്‌സ് വ്യവസായം വളരെയധികം വളര്‍ച്ച പ്രാപിച്ച ഈ കാലത്താണ് ഗെയിമര്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും, വരുമാനവും ലഭിക്കുന്നത്. എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാന്‍ഡ്‌സ്‌കേപ്പ് സ്റ്റഡി റിപ്പോര്‍ട്ട് അനുസരിച്ച്, ഗെയിമിംഗ് മേഖലയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായാണ് ഉയര്‍ന്നിരിക്കുന്നത്. ഗെയിമിംഗ് ഗൗരവമായി കണ്ടവരില്‍ ഭൂരിഭാഗം ആളുകളും ഏറ്റവും ചുരുങ്ങിയത് 6 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് വരുമാനം ഉണ്ടാക്കുന്നത്. രാജ്യത്തെ 61 ശതമാനം ആളുകള്‍ക്ക് ഗെയിമിംഗ് കോഴ്‌സുകളെ കുറിച്ച് കൃത്യമായ അറിവില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതേസമയം, ഗെയിമിംഗിന്റെ വ്യാവസായിക വളര്‍ച്ച തിരിച്ചറിഞ്ഞ ചുരുക്കം ചില രക്ഷിതാക്കള്‍ ഗെയിമിംഗ് ഹോബിയായി അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഗെയിമിംഗിന്റെ കരിയര്‍ സ്ഥിരതയെക്കുറിച്ചും. സാമൂഹികമായ ഒറ്റപ്പെടല്‍ സാധ്യതയെക്കുറിച്ചും രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കണക്കുകള്‍ അനുസരിച്ച്, ചുരുങ്ങിയ കാലയളവിനുള്ളില്‍ ആഗോളതലത്തിലെ ഏറ്റവും മികച്ച മൂന്ന് പിസി ഗെയിമിംഗ് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്.