ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെ സിരീസ് കാണാം. രാജ്കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആന്‍ഡ് ഡികെയോടൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്. സീതാ മേനോനും രാജ് ആന്‍ഡ് ഡികെയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. നെറ്റ്ഫ്‌ലിക്‌സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ വലിയ പ്രേക്ഷകശ്രദ്ധ കിട്ടിയിരുന്നു.