മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കര്‍’ മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുന്‍പ് തീയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം ആഗോള തലത്തില്‍ 110 കോടിയോളം ഗ്രോസ് നേടി ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചു 13 ആഴ്ചകള്‍ പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ നിലനില്‍ക്കുകയാണ് ലക്കി ഭാസ്കര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമായി ലക്കി ഭാസ്കര്‍ മാറിയിരിക്കുകയാണ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ റിലീസ് ചെയ്ത സമയം മുതല്‍ ആഗോള തലത്തില്‍ ട്രെന്‍ഡിങ് ആയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ല്‍ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്തു.