രാവിലെ കാപ്പി കുടിക്കുന്നത് ദിവസം തുടങ്ങാനുള്ള ഊര്‍ജം നല്‍കും എന്നാല്‍ ഈ ശീലം നിങ്ങളുടെ ആയുസ് കൂട്ടുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, ദിവസവും മിതമായി കാപ്പി കുടിക്കുന്ന ശീലം നിങ്ങള്‍ക്ക് ആരോഗ്യകരമായ രണ്ട് വര്‍ഷം ജീവിതത്തില്‍ അധികം കിട്ടുമെന്ന് പോര്‍ച്ചുഗലിലെ കോയിംബ്ര സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്രായമാകുമ്പോള്‍ ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതില്‍ കാപ്പിയില്‍ അടങ്ങിയ സംയുക്തങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പിയുടെ ഉപഭോഗം ഹൃദ്രോഗം, വൈജ്ഞാനിക തകര്‍ച്ച, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുന്നതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നും ഏജിങ് റിസര്‍ച്ച് റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 1.8 വര്‍ഷത്തെ ശരാശരി ആരോഗ്യ വര്‍ധനവ് പതിവായി കാപ്പി കുടിക്കുന്നവരില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച ആരോഗ്യകരമാകുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആന്റി-ഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ കാപ്പിയില്‍ 2000-ലധികം ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മിശ്രിതമുണ്ട്. ഇത് ന്യൂറോ ഇന്ഫ്ലമേഷന് കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കാപ്പിക്ക് ആന്റി-ഏജിങ് ഗുണങ്ങളുണ്ട്.
കാപ്പി കുടിച്ചാല്‍ ആയുസ്സ് കൂടും!
