ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് കരുതി കറിക്ക് മഞ്ഞള്‍ കുറച്ച് അധികം ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അതിനും കണക്കുണ്ട്, അധികമായാല്‍ മഞ്ഞളും പണി തരും. പ്രതിദിനം 500 മുതല്‍ 2,000 മില്ലിഗ്രാം വരെ മഞ്ഞള്‍ ആണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടുന്ന ഡോസ്. മഞ്ഞള്‍ പിത്തരസം ഉല്പാദനം വര്‍ധിപ്പിക്കാം. ഇത് ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. ആയുര്‍വേദം പ്രകാരം അമിത അളവില്‍ മഞ്ഞള്‍ കഴിക്കുന്നത് ദഹനത്തെ കാര്യമായി ഉത്തേജിപ്പിക്കും. എന്നാല്‍ ആമാശയത്തിലെ ആസിഡിന്റെ അളവു വര്‍ധിക്കുന്നത് ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം, ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ മറ്റ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ അവസ്ഥകള്‍ ഉള്ളവരില്‍ ദഹനക്കേട് പതിവാകാന്‍ കാരണമാകും. മഞ്ഞളില്‍ ഓക്സലേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അമിതമായി കഴിക്കുമ്പോള്‍ ശരീരത്തില്‍ കാല്‍സ്യവുമായി ചേരുകയും കാല്‍സ്യം ഓക്സലേറ്റ് രൂപീകരിക്കാനും ഇത് വൃക്കകളില്‍ അടിഞ്ഞു കൂടാന്‍ കാരണമാകും. മഞ്ഞളിന് ആന്റിഓകോഗുലന് (രക്തം നേര്‍പ്പിക്കുന്ന) സ്വഭാവമുണ്ട്. പ്രത്യേകിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്ക്കുമിന് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. മഞ്ഞളില്‍ അടങ്ങിയ കുര്ക്കുമിന് രക്തസമ്മര്‍ദം കുറയാനും കാരണമായേക്കാം. കുറഞ്ഞ രക്തസമ്മര്ദമുള്ളവരില് അല്ലെങ്കില്‍ ഹൈപ്പര്ടെന്ഷന് മരുന്നു കഴിക്കുന്നവര്‍ മഞ്ഞള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
നല്ലതാണെന്ന് കരുതി മഞ്ഞള്‍ അധികം ഉപയോഗിക്കരുത്!
