ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് സഹായിക്കുമെന്നത് ശരിയാണെങ്കിലും ഇത് എല്ലാ കാര്യത്തിലും അങ്ങനെയായിരിക്കണം എന്നില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളും പച്ചക്കറികളുമുണ്ട്. തൊലി പൊളിക്കാത്ത സവാളകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്താല്‍ സവാള ചീഞ്ഞുപോകാനാണ് സാധ്യത. ഇനി നിങ്ങള്‍ തൊലി പൊളിച്ച് മുറിച്ച സവാളയുടെ ബാക്കിവന്ന കഷ്ണമാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വച്ചതിന് ശേഷം എടുത്തുപയോഗിക്കരുത്. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. പഴുക്കാത്ത തക്കാളിയാണ് ഫ്രിഡ്ജില്‍ വയ്ക്കുന്നതെങ്കില്‍ അത് തക്കാളിയുടെ തൊലിക്ക് കേടുവരുത്തുകയും രുചിയും രൂപവും വരെ നശിപ്പിക്കുകയും ചെയ്യും. അതേസമയം നന്നായി പഴുത്ത തക്കാളി പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കഴിച്ച് ബാക്കിവരുന്ന ഡ്രൈ ഫ്രൂട്ട്സും നട്ട്സുമെല്ലാം ഫ്രിഡ്ജിലും ഫ്രീസറിലും വയ്ക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതുവഴി ഇവയുടെ യഥാര്‍ത്ഥ രുചിയും മണവും നഷ്ടപ്പെടും. അതുകൊണ്ട് എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ ഇവ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. തൊലി കളയാത്ത ഉരുളക്കിഴങ്ങ് ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജിലിരുന്ന് തണുക്കുന്നത് ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറാന്‍ കാരണമാകും. ഇത് അമിനോ ആസിഡുമായി ചേരുന്നത് ശരീരത്തിന് ദോഷകരമാണ്. ഫ്രിഡ്ജിലെ നനവ് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീത്തയാകാനും കാരണമാകും. പാചകത്തിനുപയോഗിക്കുന്ന എന്തുതരം എണ്ണയാണെങ്കിലും അവ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കട്ടപിടിക്കും. അതുകൊണ്ട് പുറത്തുവച്ച് മോശമാകുന്നതിന് മുമ്പ് ഉപയോഗിച്ചുതീര്‍ക്കുകയാണ് ഏറ്റവും നല്ലത്. കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ ബ്രെഡ് എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുന്നത് പലരും ചെയ്യുന്ന അബദ്ധമാണ്. കാരണം ഇതും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ബ്രെഡ് പെട്ടെന്ന് ചീത്തയാകാന്‍ കാരണമാകും. മാത്രവുമല്ല തണുപ്പില്‍ ഇരിക്കുന്നതുകൊണ്ടുതന്നെ മരവിച്ചുപോകുകയും ചെയ്യും. മുറിയില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത ഇടമാണ് ബ്രെഡ് സൂക്ഷിക്കാന്‍ ഏറ്റവും നല്ലത്.