ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നത് ദഹനനാളത്തിലോ ദഹനവ്യവസ്ഥയിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. അന്നനാളം, ആമാശയം, വന്‍കുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവയുള്‍പ്പെടെയുള്ള ദഹനവ്യവസ്ഥയിലെ കാന്‍സറുകള്‍ വരാനുള്ള സാധ്യതയും അതുമൂലം അകാല മരണത്തിനുമുള്ള സാധ്യത പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാംസമാണ് കോഴിയിറച്ചി. എളുപ്പത്തില്‍ ലഭ്യമാകുന്നതും വിലക്കുറവുമാണ് ആഗോളതലത്തില്‍ ചിക്കന്റെ ഉപഭോഗം ഇത്രയധികം വര്‍ധിപ്പിക്കുന്നത്. മാത്രമല്ല, ചിക്കന്‍ ഒരു പ്രോട്ടീന്‍ സ്രോതസ്സായി മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഹൃദ്രോഗ സാധ്യത കുറയിക്കുന്നതിനും ചിക്കന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്ന ആളുകള്‍ക്ക് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും നേരത്തെയുള്ള മരണവും കൂടുതലാണെന്നാണ് വ്യക്തമാക്കുന്നു. മാത്രമല്ല, ആഴ്ചയില്‍ 100 ഗ്രാമോ അതില്‍ കുറവോ ചിക്കന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നവരില്‍ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. അതേസമയം ചിക്കന്റെ പരിമിതമായ ഉപഭോഗം ദോഷം ചെയ്യില്ലെന്നും ഗവേഷകര്‍ പറയുന്നു. ഉയര്‍ന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാകം ചെയ്യുന്നത് വളരെ അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.