രാവിലെ ഉണര്‍ന്ന് വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് പഠനം. പ്രത്യേകിച്ച് സ്ത്രീകള്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ഈ ശീലം ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ (സ്ട്രെസ് ഹോര്‍മോണ്‍) അളവ് വര്‍ദ്ധിപ്പിക്കും. കൂടാതെ ഇത് അണ്ഡോത്പാദനം, ഭാരം, ഹോര്‍മോണുകള്‍ എന്നിവയെ മോശമായി ബാധിക്കും. പൊതുവെ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് രാവിലെ കൂടുതലും വൈകുന്നേരങ്ങളില്‍ കുറവുമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ രാവിലെ ആദ്യം കഫീന്‍ കഴിക്കുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നതിന് പകരം വര്‍ദ്ധിക്കുന്നു. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഈ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടും. ഇതോടെ ഇന്‍സുലിന്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കും. ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഉറക്ക പ്രശ്നങ്ങള്‍ക്കും കാരണമാകും. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരം നന്നായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. രാവിലെ ആദ്യം 2-3 ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിച്ച ശേഷം കാപ്പിയോ ചായയോ എന്തും കഴിക്കാം. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്ന ശീലമില്ലെങ്കില്‍ അതില്‍ അല്പം നാരങ്ങാനീരും തേനും കലര്‍ത്തി കുടിക്കാം. രാവിലെ നാരങ്ങാവെള്ളം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം അനുഭവപ്പെടാനും സഹായിക്കും.