നവംബര്‍ 14 ലോക പ്രമേഹ ദിനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കുവാനും ചിലപ്പോള്‍ സുഖപ്പെടുത്തുവാനും സാധിച്ചേക്കും. രോഗത്തെപ്പറ്റിയും രോഗ കാരണങ്ങള്‍, സങ്കീര്‍ണ്ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണ്ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി നല്ല വിജ്ഞാനം അത്യന്താപേക്ഷിതമാണ്. പ്രഭാതത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് പ്രമേഹരോഗികളില്‍ മികച്ച ആരോഗ്യം ഉറപ്പ് വരുത്തുന്നു. വ്യായാമം പേശികളുടെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഇതിലൂടെ ഊര്‍ജ്ജത്തിനായി ശരീരത്തിലെ പഞ്ചസാര കൂതുതലായി ഉപയോഗിക്കുകയും ചെയ്യും. കൂടാതെ അമിതഭാരം ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു. പ്രമേഹ രോഗികളുടെ പ്രായത്തിന് അനുയോജ്യമായ വ്യായാമം അതിനാല്‍ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ്. രാവിലെ തന്നെ ചായയും കോഫിയും കുടിക്കുന്നത് പ്രമേഹ രോഗികള്‍ കഴിവതും ഒഴിവാക്കേണ്ട ഒരു ശീലമാണ്. അതിനാല്‍ തന്നെ കോഫിയ്ക്ക് പകരം രാവിലെ ഒരു ഗ്‌ളാസ് വെള്ളം കുടിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. മറ്റ് പാനിയങ്ങള്‍ക്ക് പകരമായി ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ സഹായകരമാണ്. തലേദിവസം ഉലുവ വെള്ളത്തിലിട്ട് വെച്ച ശേഷം പിറ്റേ ദിവസം രാവിലെ കുടിക്കാവുന്നതാണ്. ലയിച്ച് പോകുന്ന തരത്തിലെ നാരുകള്‍ ഉലുവയിലുണ്ട് ഇവ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കാന്‍ ഏറെ സഹായകരമാണ് പ്രോട്ടീന്‍. അതിനാല്‍ പ്രോട്ടീന്‍ അധികമായി അടങ്ങിയ വിഭവങ്ങള്‍ പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തേണ്ടതാണ്. ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണവും പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിനും വഴിതെളിയ്ക്കും.