ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇഡ്ഡലി കടൈ’യുടെ ട്രെയിലറെത്തി. ധനുഷും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറാകും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ധനുഷിന്റെ സിനിമകളുടെ സ്ഥിരം പാറ്റേണിലുള്ള കാഴ്ചകളാണ് ട്രെയിലറിലുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വളരുന്ന നായകന്‍, മാതാപിതാക്കളോടുള്ള നിസ്സീമമായ സ്‌നേഹം, പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിക്കുന്ന നായകന്‍ നേരിടുന്ന വെല്ലുവിളികള്‍ അങ്ങനെ ധനുഷിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡലി കടൈ’. ധനുഷിന്റേതു തന്നെയാണ് കഥയും തിരക്കഥയും. ഒരു പ്രധാന വേഷത്തില്‍ സത്യരാജും എത്തുന്നുണ്ട്. അരുണ്‍ വിജയ്, പാര്‍ഥിഭന്‍, ശാലിനി പാണ്ഡേ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കിരണ്‍ കൗശിക്കാണ് ക്യാമറ. സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ഡോണ്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമ ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും.