സ്ഫടികത്തിന് ശേഷം മോഹന്‍ലാല്‍ നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് എത്തുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത് 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദൂതന്’ ആണ് ആ ചിത്രം. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്ലര് ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം മിസ്റ്ററി ഹൊറര്‍ വിഭാഗത്തില്‍ പെട്ട ഒന്നാണ്. പ്രശസ്ത സംഗീത സംവിധായകന് വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ഒന്നുമായിരുന്നു. വിദ്യാസാഗര്‍ ആയിരുന്നു സംഗീത സംവിധായകന്. ചിത്രത്തിലെ പാട്ടുകളൊക്കെ ഹിറ്റുകളായിരുന്നു. സന്തോഷ് തുണ്ടിയില്‍ ആയിരുന്നു ഛായാഗ്രാഹകന്‍. സിബി മലയിലിന്റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ദേവദൂതന്. വലിയ പരിശ്രമമാണ് ഈ ചിത്രത്തിനുവേണ്ടി അദ്ദേഹം നടത്തിയത്. 2000 ഡിസംബര്‍ 22 ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
‘ദേവദൂതന്’ ജൂലൈ 26 ന് റീ റിലീസിന്
