ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) പഠനം. കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വര്‍ധിപ്പിക്കുന്നുവെന്ന നിര്‍ണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവര്‍ഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് രോഗവ്യാപനത്തില്‍ നിര്‍ണായക ഘടകമാണെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഓഫ് എക്‌സ്പിരിമെന്റല്‍ ബയോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്റെ തീവ്രത കൂട്ടാന്‍ ഇടയാക്കും. കൊതുക് കോശങ്ങളില്‍ ഉയര്‍ന്ന ഊഷ്മാവിലുള്ള വൈറസ് താഴ്ന്ന താപനിലയില്‍ വളരുന്ന വൈറസിനേക്കാള്‍ അപകടകാരിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ രോഗത്തെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഫലപ്രദമായ വാക്‌സിനുകളോ ആന്റിവൈറലുകളോ ഇപ്പോഴുമില്ല.