കാന്‍സറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകള്‍ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ പ്രധാനം വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം തുടങ്ങിയവ വിറ്റാമിന്‍ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം. സൂര്യരശ്മികളാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാല്‍മണ്‍ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. കൂടാതെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ വിറ്റാമിന്‍ സിയുടെ കുറവ് വലിയ തോതില്‍ കണാറുണ്ട്. രോഗപ്രതിരോധ ശേഷിക്ക് വിറ്റാമിന്‍ സി ആവശ്യമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്‌ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, ത്വക്ക് അര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, ഗ്യാസ്ട്രിക് കാന്‍സര്‍, കരളുമായി ബന്ധപ്പെട്ട അര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവ വിറ്റാമിന്‍ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.