ലംബോര്‍ഗിനിയുടെ മകള്‍!
ലംബോര്‍ഗിനി കമ്പനിയുടെ സ്ഥാപകന്‍ തന്റെ പിതാവാണെന്നു 35 കാരിയായ ബ്യൂട്ടീഷ്യന്‍. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തുകൊണ്ടാണ് ഇറ്റലിയിലെ നേപിള്‍സില്‍ ബ്യൂട്ടീഷ്യനായ ഫ്ലാവിയ ബോര്‍സണ്‍ രംഗത്തുവന്നിരിക്കുന്നത്. ലംബോര്‍ഗിനി സ്ഥാപകനായ ടോണിനോ ലംബോര്‍ഗിനിയുടെ മകളാണ് താനെന്നാണ് യുവതിയുടെ വാദം. ടോണിനോയുടെ മകള്‍ ഇലെട്രയുടെയും തന്റെയും ഡിഎന്‍എ ഫലത്തിനു സമാനതകളുണ്ടെന്നാണു പിതൃത്വം തെളിയിക്കാനുള്ള തെളിവായി യുവതി ഉയര്‍ത്തിക്കാണിക്കുന്നത്. ഇലെട്രയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയെ ഫ്ളാവിയ നിയോഗിച്ചിരുന്നു. ഇലെട്ര ഉപയോഗിച്ച ഒരു സ്ട്രോയില്‍ നിന്നാണ് ഈ ഏജന്‍സി ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചതത്രെ. 1980 മുതല്‍ തന്റെ അമ്മയും ടോണിനോ ലംബോര്‍ഗിനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു എന്നാണ് യുവതിയുടെ വാദം. 1988 ലാണ് ഫ്ളാവിയ ബോര്‍സണ്‍ ജനിച്ചത്. ഇതേസമയം ടോണിനോ ലംബോര്‍ഗിനി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഫ്ളാവിയ ബോര്‍സനും അമ്മയ്ക്കുമെതിരെ മാനനഷ്ടത്തിന് കേസും കൊടുത്തിട്ടുണ്ട്. 2019 ല്‍ ടോണിനോയുമായി സംസാരിച്ചതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ വേറെയുണ്ടെന്നാണ് യുവതിയുടെ മറുവാദം. അച്ഛന്റെ സ്വത്തില്‍ അവകാശം സ്ഥാപിക്കാനോ പണം നേടാനോ അല്ല, അച്ഛന്‍ ആരെന്നു സ്ഥാപിച്ചെടുക്കാന്‍ മാത്രമാണ് തന്റെ നിയമപോരാട്ടമെന്നാണ് ഫ്ളാവിയ ബോര്‍സന്‍ പറയുന്നത്. ടോണിനോ ലംബോര്‍ഗിനിക്ക് നാല് പെണ്‍മക്കളും ഒരു മകനുമാണുള്ളത്.