ഇന്ധന ഉപഭോഗം വര്‍ദ്ധിച്ചതോടെ പുതിയ ഉയരങ്ങള്‍ തൊട്ട് ക്രൂഡോയില്‍ ഇറക്കുമതി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജനുവരിയില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ജനുവരിയിലെ ക്രൂഡോയില്‍ ഇറക്കുമതി 9.5 ശതമാനം ഉയര്‍ന്ന് 21.39 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ ഇന്ധന ഉപഭോഗം 2023 ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ 8.2 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ശക്തമായ സാമ്പത്തിക വളര്‍ച്ചയോടെ പിന്തുണയോടെ രാജ്യത്തിന്റെ എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയും, ഇറക്കുമതിയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, അസംസ്‌കൃത എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ജനുവരിയില്‍ 5 ശതമാനം ഉയര്‍ന്ന് 3.97 ടണ്ണായി. ഉല്‍പ്പന്ന കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 4.84 ദശലക്ഷം ടണ്ണായിട്ടുണ്ട്. 2023-നും 2030-നും ഇടയില്‍ ആഗോള എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വളരെ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍.