സിപിഎമ്മിന്റെ സംസ്ഥാന വ്യാപക ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം. സിപിഎം, മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ് സന്ദർശനത്തിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കലും നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടമാവർത്തിക്കലുമാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. വിശ്വാസ സംരക്ഷണം, മതസ്വാതന്ത്യം, എന്നിവ ചർച്ചയാക്കിയാണ് ഗൃഹസന്ദർശന പരിപാടിക്ക് സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും മുതൽ താഴേത്തട്ടിലെ നേതാക്കൾ വരെ വീടുകൾ കയറുന്ന വിപുലമായ പരിപാടിയാണ് സിപിഎമ്മിന്റെത്. സമീപകാലത്തുണ്ടായ സർക്കാരിനെതിരെ ഉയർന്ന വിവാദ വിഷയങ്ങളും ബഫർ സോൺ ആശങ്കയും ജനങ്ങൾക്കിടയിൽ ചർച്ചയാണെന്ന് തിരിച്ചറിഞ്ഞ് കൂടിയാണ് പ്രചാരണം മുന്നോട്ടു പോവുന്നത്.