സിപിഎം ലിസ്റ്റ് അനുസരിച്ചാണ് നിയമനമെന്ന് മേയറുടെ കത്തിൽ നിന്ന് വ്യക്തമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. പക്വത ഇല്ലാത്തവരെ ഇരുത്തി. കളിപാവകളെ ഭരണാധികാരികൾ ആയി അവരോധിക്കുന്നു. നഗരസഭയിൽ തുടർച്ചയായി അഴിമതി നടക്കുന്നുവെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും അദ്ദേഹം പറഞ്ഞു. മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത് . മേയർ കത്ത് അയച്ചിട്ടില്ല എങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി ഒഫീഷ്യൽ ലെറ്റർ പാഡിൽ കള്ള ഒപ്പിട്ട് കത്ത് അയച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്നും വി വി രാജേഷ് പറഞ്ഞു.
നഗരസഭയിലെ ജോലി ഒഴിവുകളിലേക്കുള്ള നിയമനത്തിൽ പാർട്ടി പട്ടിക ചോദിച്ച്, മേയർ ആര്യ രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഔദ്യോഗികമായി കത്തയച്ചു എന്നാണ് ഇപ്പോൾ വിവാദമായ വിഷയം. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ തിയതിൽ താൻ സ്ഥലത്തില്ലായിരുന്നു എന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു.