ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇന്‍ഫ്‌ളുവന്‍സ വൈറസായ എച്ച്3എന്‍2 വും വ്യാപകമായത് രോഗബാധിതരുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും എടുക്കുക മാത്രമാണ് ഏക പോംവഴി. കൊറോണ വൈറസും എച്ച്3എന്‍2വും പ്രധാനമായും ലക്ഷ്യമിടുന്നത് ശ്വാസകോശത്തെ ആയതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ശ്വസിക്കാന്‍ മാത്രമല്ല ശരീരത്തിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്യാനും പ്രതിരോധ സംവിധാനത്തിനാവശ്യമായ കഫം നിര്‍മിക്കാനും ശ്വാസകോശം സഹായിക്കും. ഇനി പറയുന്ന ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശ്വാസകോശത്തെ ബലപ്പെടുത്താവുന്നതാണ്. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന് കാര്യമായ ക്ഷതം വരുത്തുമെന്നതിനാല്‍ ഇവ രണ്ടും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. നിത്യവും വ്യായാമം, യോഗ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരത്തെ മാത്രമല്ല ശ്വാസകോശത്തെയും ശക്തിപ്പെടുത്തും. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയെല്ലാം ശ്വാസകോശത്തിന് ഗുണപ്രദമാണ്. ആഴത്തിലുള്ള ശ്വാസോച്ഛാസം നടത്തുന്ന ശ്വസന വ്യായാമങ്ങള്‍ ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കും. ശ്വാസകോശ പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. മലിനമായ വായുവും വിഷപ്പുകയും ശ്വസിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ആസ്മ പോലുള്ള രോഗങ്ങളുള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.