കേരള ഫിഷറിസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എതിര് സത്യവാങ്മൂലം. മുന്‍ വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ ഹര്‍ജിക്കെതിരെയാണ് സുപ്രിംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഡോ റിജി ജോണിനെതിരെ സാമ്പത്തിക ആരോപണങ്ങളുമുണ്ടായിരുന്നു. പിഎച്ച്ഡി ചെയ്ത മൂന്ന് വര്‍ഷം ഡോ റിജി ജോണ്‍ പ്രവൃത്തി പരിചയത്തില്‍ ഉള്‍പ്പെടുത്തി. യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന് കമ്മിറ്റിയല്ല റിജി ജോണിനെ വിസിയായി തെരഞ്ഞെടുത്തതെന്ന് എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു. തമിഴ്നാട് സര്‍വകലാശാലയില്‍ വകുപ്പുതല അന്വേഷണം നേരിട്ടയാളാണ് റിജി ജോണ്‍ എന്നുള്‍പ്പെടെ എതിര് സത്യവാങ്മൂലത്തിലുണ്ട്.
ഡോ റിജി ജോണിനെ വൈസ് ചാന്‍സലറാക്കിയ നിയമനം റദ്ദാക്കിയതിന് പിന്നാലെ ഡോ. റോസലിന്‍ഡ് ജോര്‍ജിനെ കേരള ഫിഷറീസ് സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചിരുന്നു. കുഫോസിലെ ഡീനും അധ്യാപികയുമായ റോസലിന്‍ഡ് ജോര്‍ജ് ഡോ റിജി ജോണിന്റെ ഭാര്യയാണ്. ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഗവര്‍ണര്‍ താത്കാലിക വിസിയെ നിയമിച്ചത്.