വിവാദത്തിനു പിന്നാലെ ‘കേരള സ്റ്റോറി’ സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്. കേരളത്തില്‍നിന്ന് 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നേരത്തേ സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞിരുന്നു. ‘ദി കേരളാ സ്റ്റോറി’യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലര്‍ പുറത്തിറക്കി. പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. ‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍ നിന്നും ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കി. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു. മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.