ലോകപ്രശസ്ത ശീതള പാനീയ ബ്രാന്‍ഡുകളിലൊന്നായ കൊക്കക്കോള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കൊക്കക്കോളയുടെ ലക്ഷ്യം. അതേസമയം, കൊക്കക്കോള ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുമായി സഹകരിക്കുന്നുണ്ടെങ്കിലും, ബ്രാന്‍ഡിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പിന്‍ പാനലിന്റെ വലതു വശത്ത് കൊക്കക്കോളയുടെ ലോഗോ നല്‍കുന്നതായിരിക്കും. കമ്പനിയുടെ കളര്‍ തീമുമായി ചേര്‍ന്നു പോകുന്ന നിറമായ ചുവപ്പാണ് സ്മാര്‍ട്ട്‌ഫോണിനും നല്‍കിയിട്ടുള്ളത്. കണക്ടിവിറ്റി ഓപ്ഷനുകളില്‍ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ ലഭ്യമാണ്. അതേസമയം, സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.