തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരില്‍ പ്രതികൂല സ്വാധീനം ഉളവാക്കാന്‍ കാലാവസ്ഥ വ്യതിയാനത്തിന് സാധിക്കുമെന്ന് പഠനം. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1968 മുതല്‍ 2023 വരെ നടത്തിയ 332 പഠനങ്ങളെ വിലയിരുത്തിയാണ് ഈ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. പക്ഷാഘാതം, മൈഗ്രേയ്ന്‍, അള്‍സ്ഹൈമേഴ്സ്, മെനിഞ്ചൈറ്റിസ്, ചുഴലി, മള്‍ട്ടിപ്പിള്‍ സ്‌ക്ളീറോസിസ് എന്നിവ ഉള്‍പ്പെടെ 19 നാഡീവ്യൂഹ പ്രശ്നങ്ങളില്‍ കാലാവസ്ഥ വ്യതിയാനം ചെലുത്തുന്ന സ്വാധീനമാണ് ഗവേഷകര്‍ പഠിച്ചത്. ഉത്കണ്ഠ, വിഷാദരോഗം, ചിത്തഭ്രമം തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങളിലും കാലാവസ്ഥയുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠനസംഘം വിലയിരുത്തി. കൂടിയ ചൂടും കുറഞ്ഞ ചൂടുമെല്ലാം ഉള്‍പ്പെടെ തീവ്രമായ കാലാവസ്ഥകളും പ്രതിദിന താപനിലയിലെ വ്യതിയാനങ്ങളും നാഡീവ്യൂഹപ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലതല്ലെന്ന് ഗവേഷകര്‍ പറയുന്നു. രാത്രികാലങ്ങളിലെ ഉയര്‍ന്ന താപനില ഉറക്കം തടസ്സപ്പെടുത്തുന്നത് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉഷ്ണതരംഗങ്ങളുടെയും ഉയര്‍ന്ന താപനിലയുടെയും സമയത്ത് പക്ഷാഘാതം മൂലമുള്ള ആശുപത്രി പ്രവേശനവും ഇത് മൂലമുള്ള വൈകല്യവും മരണങ്ങളും ഉയരുന്നതായും ഗവേഷകര്‍ കണ്ടെത്തി. മറവിരോഗമുള്ളവരുടെ ആരോഗ്യസ്ഥിതി ഉഷ്ണതരംഗങ്ങള്‍, പ്രളയം, കാട്ടുതീ പോലുള്ള അതിതീവ്ര കാലാവസ്ഥകള്‍ വഷളാക്കുമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ദ ലാന്‍സെറ്റ് ന്യൂറോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.