ഇലക്ട്രിക് കാര്‍ ഇ സി3യുടെ യൂറോപ്യന്‍ മോഡല്‍ പ്രദര്‍ശിപ്പിച്ച് സിട്രോണ്‍. ഇന്ത്യന്‍ ഇ സി3യില്‍ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് യൂറോപ്യന്‍ മോഡല്‍ എത്തിയത്. സിട്രോണ്‍ ‘ഒലി’ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ്. സിട്രോണിന്റെ പുതിയ ലോഗോ, ആങ്കുലര്‍ ഹെഡ്ലാംപുകള്‍, രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഗ്രില്‍ എന്നിവയുണ്ട്. വശങ്ങള്‍ക്ക് ഇന്ത്യന്‍ മോഡലിനോടു സാമ്യം തോന്നുമെങ്കിലും മുന്‍ ഫെന്‍ഡറിനും ഡോറുകള്‍ക്കും മാറ്റങ്ങളുണ്ട്. 17 ഇഞ്ച് അലോയ് വീലുകള്‍. സിട്രോണിന്റെ വലിയ ലോഗോയും വ്യത്യസ്ത രൂപമുള്ള ടെയില്‍ ലാംപുമുണ്ട്. രണ്ട് ലെയറായി ഒരുക്കിയിരിക്കുന്ന ഡാഷ് ബോര്‍ഡാണ്. ഇന്ത്യന്‍ മോഡലില്‍ ഉപയോഗിക്കുന്ന സിസി21 പ്ലാറ്റ്‌ഫോമിന്റെ മോഡിഫൈഡ് പതിപ്പിലാണ് നിര്‍മാണം. യൂറോപ്യന്‍ ക്രാഷ് ടെസ്റ്റ് നിലവാരത്തിനനുസരിച്ച് വാഹനത്തിന്റെ ഘടന കൂടുതല്‍ കരുത്തുറ്റതാക്കിയിട്ടുണ്ട്. 44 കിലോവാട്ടുള്ള ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പായ്ക്കാണ് യൂറോപ്യന്‍ മോഡലില്‍. 320 കിലോമീറ്ററാണ് റേഞ്ച്. 111 എച്ച്പി കരുത്തുള്ള മോട്ടറും ഉപയോഗിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ 29.2 കിലോവാട്ട് ബാറ്ററിയുള്ള മോഡലാണ്. റേഞ്ച് 320 കിലോമീറ്ററും. യൂറോപ്പില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഓടുന്ന ബെയ്‌സ് മോഡലുമുണ്ടാകും. അടുത്ത മാസം പുതിയ ഇ സി3 വിപണിയിലെത്തുമെന്നാണു പറയുന്നത്. വിപണിയില്‍ എത്തിയാല്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായി ഇ സി 3 മാറും.