പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു.
48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകുകയാണ്. ഇത് ലോകത്ത് തന്നെ ആദ്യമാണ്. എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ ചർച്ച നടക്കും. കുട്ടികൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്ന ഈ അവസരത്തിൽ ഉയർന്നു വരുന്ന അഭിപ്രായങ്ങൾ സ്കൂൾതലത്തിലും ബി ആർ സി തലത്തിലും ക്രോഡീകരിച്ചതിനു ശേഷം എസ് സി ഇ ആർ ടിക്ക് കൈമാറും.