കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. വൈകാരികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗം അല്ലെങ്കില്‍ വൈകാരികവും ശാരീരികവുമായ അവഗണന പോലുള്ള കുട്ടിക്കാലത്ത് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ വ്യക്തികള്‍ക്ക് പിന്നീട് ജീവിതത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം നീണ്ടകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. അമേരിക്കയിലെ കേംബ്രിഡ്ജ്, ലൈഡന്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം അയാള്‍ വളരും തോറും അയാളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നതായി കണ്ടെത്തി. ഇത് പൊണ്ണത്തടി, ക്ഷീണം, ട്രോമ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഇവയെല്ലാം തലച്ചോറിന്റെ ഘടനയെയും അങ്ങനെ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. 40-നും 70-നും ഇടയില്‍ പ്രായമുള്ള 21,000 പേരുടെ എംആര്‍ഐ സ്‌കാന്‍, ബോഡി മാസ് ഇന്‍ഡക്‌സ്, സിആര്‍പി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. കുട്ടിക്കാലത്ത് നേരിടുന്ന പീഡനത്തിന്റെ ആഘാതം തലച്ചോറിന്റെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി തുടങ്ങിയവയെ ബാധിക്കുന്നയായി പഠനത്തില്‍ കണ്ടെത്തി. സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കുട്ടിക്കാലത്ത് പീഡനങ്ങള്‍ നേരിടേണ്ടി വന്നവരുടെ ബോഡി ഇന്‍ഡക്സ് വര്‍ധിക്കുന്നതായും ട്രോമയിലാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ സ്ഥീരികരിക്കുന്നു. കൂടാതെ ഇവരുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമല്ലാതാകുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. ഇത് പൊണ്ണത്തടി കാരണമാണെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ ബോഡി മാസ് ഇന്‍ഡക്സ്, ട്രോമ എന്നിവ ഉള്ളവരിലെ മസ്തിഷ്‌ക കനവും വ്യാപിതിയും വ്യാപകമായി കൂടുന്നതായും കുറയുന്നതായും കാണാന്‍ സാധിച്ചു. മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക ക്ഷതം സംഭവിക്കുന്നു എന്നാണ് ഇതിനര്‍ഥം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എന്നാല്‍ തലച്ചോറിലെ സെല്ലുലാര്‍ തലത്തില്‍ ഈ ആഘാതങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.