കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട് അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് ലീഗ് നേതൃത്വങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
നികുതി വർധനക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിലാണ് യുഡിഎഫ്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളും. മുഖ്യമന്ത്രിയെ വഴിയിൽ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസും കെ എസ് യുവും വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച മിക്ക ഇടങ്ങളിലും പ്രതിഷേധം ഉയർന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനായി പലയിടത്തും പൊലീസ് സുരക്ഷ സാധാരണക്കാരുടെ യാത്രകളെ വരെ സാരമായി ബാധിച്ചു. ഇതിനിടെ പ്രതിഷേധത്തെ തുടർന്ന് പാലക്കാടേക്കുള്ള യാത്ര മുഖ്യമന്ത്രി ഹെലികോപ്ടറിലാക്കിയെങ്കിലും സമ്മേളന സ്ഥലത്തേക്കുള്ള യാത്രയിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. പ്രതിഷേധം മുന്നിൽ കണ്ട് മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കുന്നുണ്ട്. അനധികൃത കരുതൽ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്