കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ‘ചാവേര്‍’ ട്രെയിലര്‍ എത്തി. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞുകൊണ്ടുള്ള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ജീവനുതുല്യം വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അര്‍ജുന്‍ അശോകനേയും ആന്റണി വര്‍ഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറില്‍ കാണാനാകുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചന്‍ ‘ചാവേര്‍’ ഒരുക്കിയിരിക്കുന്നത്.