സാമ്പ്രദായിക ചരിത്രമെഴുത്തില്‍ ഒരിക്കലും കടന്നുവരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവന്‍ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകള്‍ എഴുതപ്പെടുമ്പോള്‍ നമ്മുടെ നേരിയ നിശ്ശബ്ദത പോലും കുറ്റകൃത്യമായിപ്പോകും.. ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍.. ഈ ഇരകള്‍ നമുക്കു പകര്‍ന്നു തരുന്നത് വലിയൊരു പാഠമാണ്. ‘ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും’ ആണ് ഈ ദുരന്തങ്ങള്‍, അതിര്‍ത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകള്‍ക്കപ്പുറം, ജാതി മത ദേശവംശ ഭേദമില്ലാതെ തങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്‍കിയതെന്ന തിരിച്ചറിവ്… സമാനതകള്‍ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്‌നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന് തിരിച്ചറിവ്… അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചു പിടിക്കാന്‍ ശ്രമിക്കേണ്ടത് കൂടുതല്‍ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്.. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’. സുധാ മേനോന്‍. ഡി സി ബുക്‌സ്. വില: 280 രൂപ.