ചായംമുക്കുകാരനും ക്ഷുരകനും
മിത്തുകള്‍, മുത്തുകള്‍ – 29
അറബിക്കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
അലക്സാണ്‍ഡ്രിയ നഗരം. തിരക്കേറിയ വഴിയോരത്ത് തൊട്ടടുത്ത കടകളിലായി ചായം മുക്കുകാരനായ അബുകീറും ക്ഷുരകനായ അബുസീറും ജോലി ചെയ്യുന്നു.
ക്ഷുരകനായ അബുസീര്‍ സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനുമായിരുന്നു. അബുകീറാകട്ടെ വഞ്ചകന്‍. ഇതു മനസിലാക്കിയ ജനം അബുകീറിന്റെ കടയിലേക്കു തിരിഞ്ഞു നോക്കാതായി.
വരുമാനം ഇല്ലാതായപ്പോള്‍ അബുകീറിന്റെ വീട്ടില്‍ പട്ടിണിയായി. ഇതുകണ്ട് അബുസീറിന്റ മനമലിഞ്ഞു. അബുകീറിനെയും കുടുംബത്തെയും അബുസീര്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചു. അബുകീറും കുടുംബവും ജോലിയൊന്നും ചെയ്യാതെ അവിടെ തിന്നും കുടിച്ചും കഴിഞ്ഞുകൂടി.
കുറേനാള്‍ കഴിഞ്ഞപ്പോള്‍ അബുകീര്‍ അബുസീറിനോടു പറഞ്ഞു:
”നമുക്ക് വിദേശത്ത് എവിടെയെങ്കിലും പോയി ജോലി ചെയ്യാം. കൂടുതല്‍ സമ്പാദിക്കാം.”
അബുസീര്‍ സമ്മതിച്ചു. അവര്‍ ഒരു കരാറുണ്ടാക്കി. വിദേശത്ത് ആദ്യം ജോലികിട്ടുന്നയാള്‍ കൂട്ടുകാരനു ജോലി ലഭിക്കുംവരെ ചെലവിനു നല്കണം. അലക്സാണ്‍ഡ്രിയയിലേക്കു മടങ്ങിവരുമ്പോള്‍ ഇവരുവരുടേയും സമ്പാദ്യം തുല്യമായി പങ്കുവയ്ക്കണം. അബുകീറാണ് ഇങ്ങനെയൊരു കരാറുണ്ടാക്കണമെന്ന് ശഠിച്ചത്.
അബുസീറിന്റെ കൈയിലുള്ള പണമെല്ലാം തട്ടിക്കുടഞ്ഞെടുത്ത് ഇരുവരും കപ്പല്‍ കയറി. കപ്പലില്‍ യാത്രക്കാരുടെ മുടിവെട്ടിയും ഷേവ് ചെയ്തും അബുസീര്‍ ഇരുവര്‍ക്കുമുള്ള ഭക്ഷണം സംഘടിപ്പിച്ചു. കപ്പിത്താനും അബുസീറിന്റ സേവനം ആവശ്യപ്പെട്ടു. അബുസീറിന്റെ ആകര്‍ഷകമായ പെരുമാറ്റത്തില്‍ ആകൃഷ്ടനായി കപ്പിത്താന്‍.
ഇരുപത്തൊന്നു ദിവസത്തെ യാത്രക്കുശേഷം കപ്പല്‍ ഒരു തുറമുഖത്തടുത്തു. അബുകീറും അബുസീറും കപ്പലിറങ്ങി. ക്ഷുരകനു ജോലികിട്ടാന്‍ പ്രയാസമുണ്ടായില്ല. ചായംമുക്കുകാരന്‍ അബുകീര്‍ യാത്രാക്ഷീണമാണെന്നു പറഞ്ഞ് കിടപ്പായി. സത്രത്തില്‍ താമസം. നാല്‍പതു നാള്‍ അബുസീര്‍ അബുകീറിനെ പോറ്റി.
ഒരുദിവസം അബുസീര്‍ രോഗം ബാധിച്ചു കിടപ്പായി. അബുകീര്‍ ചങ്ങാതിയുടെ പോക്കറ്റില്‍ ശേഷിച്ചിരുന്ന ചില്ലിക്കാശും തട്ടിയെടുത്ത് സ്ഥലംവിട്ടു. അബുസീറിനെ മുറിക്കകത്തു പൂട്ടിയിട്ടാണ് അയാള്‍ പോയത്. കുറേദൂരം പോയപ്പോള്‍ അബുകീര്‍ ചായംമുക്കുന്ന ഒരു കടകണ്ടു. അവിടെ കയറി അയാള്‍ ജോലി തരാമോയെന്നു ചോദിച്ചു. വിദേശികള്‍ക്ക് ജോലി തരില്ലെന്നു കടയുടമ.
‘എങ്കില്‍ ഈ വെള്ളത്തൂവാല ചുവന്ന നിറമാക്കിത്തരൂ’- അബുകീര്‍ ആവശ്യപ്പെട്ടു.
‘ചുവന്ന നിറമോ? അതെന്തു നിറമാണ്?’- കടക്കാരന്‍ ചോദിച്ചു. ആ രാജ്യത്ത് വെള്ളയും നീലയും നിറങ്ങള്‍ മാത്രമേയുള്ളൂ. മറ്റു നിറങ്ങള്‍ അവര്‍ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല, അബുകീര്‍ ഇതു മനസിലാക്കി. മറ്റുനിറങ്ങളുമായി രംഗത്തിറങ്ങിയാല്‍ രാജപ്രീതിനേടാം. ഇടപാടുകാരെ ആകര്‍ഷിച്ച് ലക്ഷപ്രഭുവുമാകാം.
അബുകീര്‍ രാജകൊട്ടാരത്തിലെത്തി രാജാവിനോടു പറഞ്ഞു:
”മനം മയക്കുന്ന പകിട്ടാര്‍ന്ന നൂറോളം നിറങ്ങളുണ്ടാക്കാന്‍ എനിക്കറിയാം. അങ്ങ് അനുവദിക്കുകയാണെങ്കില്‍ തുണികള്‍ക്കു നിറം നല്കി കാണിച്ചുതരാം.”
രാജാവിന് അതൊരു പുതിയ അറിവായിരുന്നു. കൊട്ടാരത്തിലെ നൂറിലേറെ തൂവെള്ളത്തുണികള്‍ ചായംമുക്കുകാരനു നല്കി. ഓരോ തുണിക്കും ഓരോ നിറംകൊടുത്ത് ഒരാഴ്ചയ്ക്കകം തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
”ഇതൊക്കെ ചെയ്യാനൊരു സ്ഥലം വേണം”- അബുകീര്‍.
‘ഇഷ്ടപ്പെട്ട സ്ഥലം നിങ്ങള്‍ക്കു തരും’- രാജാവ്.
നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ മന്ദിരം തന്നെ അബുകീര്‍ ആവശ്യപ്പെട്ടു. രാജാവ് അതയാള്‍ക്കു നല്കി.
അബുകീര്‍ രാജാവിന്റെ തുണികളെല്ലാം പല വര്‍ണത്തിലാക്കി. ചായം മുക്കിയ തുണികള്‍ നഗരത്തില്‍ വലിയൊരു അയകെട്ടി ഉണക്കാന്‍ തൂക്കിയിട്ടു. നിറങ്ങളില്ലാത്ത നഗരത്തില്‍ ഒരായിരം നിറങ്ങളുടെ വര്‍ണപ്പകിട്ടുകണ്ട ജനം ആഹ്ലാദാര വങ്ങളോടെ ഓടിക്കൂടി. വിവരമറിഞ്ഞ് രാജാവും രാജസേവകരും എത്തി. വിവിധ നിറത്തിലുള്ള തുണികള്‍ കണ്ട് രാജാവിന് അടങ്ങാത്ത ആഹ്ലാദം. അബുകീറിന് വിലപിടിച്ച രത്നങ്ങളും സ്വര്‍ണനാണയ ശേഖരവും രാജാവ് സമ്മാനിച്ചു.
ചങ്ങാതിയായ അബുസീറിനെ അയാള്‍ മറന്നു. അബുസീറാകട്ടേ, സത്രത്തിലെ പൂട്ടിയിട്ട മുറിയില്‍ അബോധാവസ്ഥയില്‍ മൂന്നുനാള്‍ കിടന്നു. മുറി തുറക്കാത്തത് എന്താണെന്നു സംശയം തോന്നി സത്രമുടമ താഴുപൊളിച്ച് അകത്തുകടന്ന പ്പോഴാണ് ജിവച്ഛവം കണക്കേ അബുസീര്‍ കിടക്കുന്നതു കണ്ടെത്തിയത്. നല്ലവനായ സത്രമുടമ അബുസീറിനു ചികിത്സയും ഭക്ഷണവും നല്കി.
സുഖം പ്രാപിച്ചപ്പോള്‍ അയാള്‍ സത്രം വിട്ടിറങ്ങി. നടന്നുനടന്ന് ചായംമുക്കു കടക്കു മുന്നിലെത്തി. തിരക്കുകണ്ട് അബുസീര്‍ കാര്യം അന്വേഷിച്ചു.
”അറിഞ്ഞില്ലേ, അബുകീറിന്റെ കടയാണിത്. നൂറായിരം വര്‍ണത്തില്‍ തുണികള്‍ക്കു നിറംമാറ്റാന്‍ ഈ ലോകത്തു കഴിവുള്ള ഒരേഒരാള്‍.’ എന്നായിരുന്നു അവിടെ കൂടിയിരുന്നവരുടെ മറുപടി.
അബുകീര്‍ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയോടെ അബുസീര്‍ ജനത്തിരക്കിനിടയില്‍ നുഴഞ്ഞ് കടയ്ക്കകത്തു കയറി. രാജീകയ പ്രൗഢിയോടെ അബുകീര്‍ ഇരിക്കുന്നു.
അബുസീറിനെ കണ്ടപാടേ അബുകീര്‍ ചാടിയെഴുന്നേറ്റ് അലറി: ”കള്ളന്‍, പിടിയവനെ, അവിടെയുണ്ടായിരുന്നവരെല്ലാം അബുസീറിനു നേരേ ചീറിയടുത്തു. അവരയാളെ മര്‍ദ്ദിച്ചവശനാക്കി ഒരു ചാലിലേക്കു തള്ളി.
ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അബൂസീറിന് അവിടെനിന്ന് എഴുന്നേല്ക്കാന്‍ പോലുമായത്. സഹിക്കാനാകാത്ത വേദന. എന്തു ചെയ്യും? സ്‌നാനഘട്ടത്തില്‍ പോയി കുഴമ്പുപുരട്ടി തിരുമ്മിക്കുളിച്ചാല്‍ സുഖമാകും.
‘ഇവിടെ അടുത്ത് എവിടെയാണു സ്‌നാനഘട്ടം” – ഒരു വഴിപോക്കനോട് അബുസീര്‍ അന്വേഷിച്ചു.
”സ്‌നാനഘട്ടമോ, എന്താണത്?”-എന്നായി വഴിപോക്കന്‍.
‘കുളിക്കാനുള്ള സ്നാനഗൃഹം.’
‘കുളിക്കാന്‍ കടലുണ്ടല്ലോ, സ്നാനഗൃഹമൊന്നും ഇല്ല’.
ആ രാജ്യത്ത് സ്നാനഗൃഹം ഉണ്ടായിരുന്നില്ല. രാജാവടക്കം എല്ലാവരും കുളിച്ചിരുന്നത് കടല്‍ വെള്ളത്തില്‍. ഇക്കാര്യം മനസിലാക്കിയ അബുസീര്‍ രാജാവിനെ കണ്ട് സ്‌നാനഘട്ടത്തില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന്റെ സുഖം വിവരിച്ചു.
കൊട്ടാരത്തിനടുത്ത് ഒരു സ്‌നാനഘട്ടം നിര്‍മിക്കണമെന്നായി രാജാവ്. ഉത്തരവനുസരിച്ച് മനോഹരവും സര്‍വ സൗകര്യങ്ങളുമുള്ള സ്നാനഘട്ടം പണിതു. ഉദ്ഘാടനത്തിന് രാജാവ് എഴുന്നള്ളി. മനോഹരമായി അലങ്കരിച്ച സ്‌നാനഘട്ടത്തില്‍ സുഗന്ധപരിമളം.
രാജകീയ മഞ്ചലില്‍ കിടത്തി രാജാവിനെ വിവസ്ത്രനാക്കി. വിവിധയിനം സുഗന്ധദ്രവ്യങ്ങളും പച്ചില ഔഷധങ്ങളും ചേര്‍ത്തുണ്ടാക്കിയ എണ്ണകളും കുഴമ്പുകളും ശരീരത്തിലുടനീളം പുരട്ടിത്തിരുമ്മി. രാജാവിന്റെ മനസിനും ശരീരത്തിനും ഉന്മേഷം തോന്നി.
‘ഹായ്, എന്തു സുഖം.’ സ്നാനഗൃഹത്തില്‍നിന്നു പുറത്തിറങ്ങിയ രാജാവ് മന്ത്രിമാരോടും പരിവാരങ്ങളോടും പറഞ്ഞു. അബുസീറിന് രത്നങ്ങളും സ്വര്‍ണനാണയങ്ങളും പാരിതോഷികമായി നല്‍കി.
അബുസീറിന്റെ സ്നാനഗൃഹം രാജ്യമെങ്ങും പ്രശസ്തമായി. വരുന്നവര്‍ ഇഷ്ടാനുസരണം ഫീസ് നല്കിയാല്‍ മതിയെന്ന വിവരം കൂടി പരന്നതോടെ സ്‌നാനഘട്ടത്തിലേക്കും ജനപ്രവാഹം. വിവരമറിഞ്ഞ് അബുകീറും എത്തി.
പലതവണ തന്നെ വഞ്ചിച്ച ചങ്ങാതിയെ സ്നേഹത്തോടെ അബുസീര്‍ സ്വീകരിച്ചു.
അബുകീര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അബുസീറിനോടു പറഞ്ഞു: ‘ശരീരത്തിലെ രോമം കളയാനും സൗന്ദര്യം വര്‍ധിപ്പിക്കാനും നല്ലൊരു കുഴമ്പു തരാം. വിശിഷ്ടാതിഥികള്‍ക്കേ പ്രയോഗിക്കാവൂ.”
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അബുകീറിന്റെ കുഴമ്പ് അബുസീറിന്റെ സ്നാനഗൃഹത്തിലെത്തി. അബുകീറാകട്ടെ രാജകൊട്ടാരത്തിലേക്കു പോയി രാജാവിനോട് ഒരു രഹസ്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചു.
”മഹാരാജാവേ, അങ്ങയെ വിഷക്കുഴമ്പു പുരട്ടി കൊല്ലാനാണ് സ്‌നാനഘട്ടം നടത്തുന്ന അബുസീര്‍ ശ്രമിക്കുന്നത്. ഉഗ്രവിഷമുള്ള കുഴമ്പു പുരട്ടിയാലുടനേ രോമങ്ങള്‍ കൊഴിയും.’ അബുകീര്‍ രാജാവിനെ ബോധിപ്പിച്ചു.
രാജാവ് കോപംകൊണ്ടു വിറച്ചു. മന്ത്രിയെയും പടയാളികളെയും സ്നാനഗൃഹത്തിലേക്കയച്ചു. ഉഗ്രവിഷമുള്ള കുഴമ്പ് കണ്ടെത്തിയതോടെ പടയാളികള്‍ അബുസീറിനെ പിടികൂടി. കക്ക നിറച്ച ചാക്കില്‍ കെട്ടി നടുക്കടലില്‍ താഴ്ത്തി കൊല്ലാന്‍ രാജാവിന്റ ഉത്തരവിട്ടു.
നേരത്തെ, അബുസീറിനെയും അബുകീറിനെയും ആ രാജ്യത്ത് എത്തിച്ച കപ്പിത്താനെയാണ് വധശിക്ഷ നടപ്പാക്കാന്‍ ലഭിച്ചത്. അബുസീറിനെ നീറ്റുകക്ക നിറച്ച ചാക്കില്‍ കെട്ടി കപ്പിത്താനെ ഏല്‍പ്പിച്ചു. കപ്പല്‍ യാത്രയായി.
”കുറേദൂരം പോയപ്പോള്‍ കപ്പിത്താന്‍ ചാക്കഴിച്ച് അബുസീറിനെ സ്വതന്ത്രനാക്കി. അബുസീര്‍ എല്ലാം കപ്പിത്താനോടു തുറന്നുപറഞ്ഞു. കപ്പിത്താന്‍ കപ്പലിലെ ക്ഷുരകനായി അയാളെ നിയമിച്ചു.
ഒരുദിവസം അബുസീര്‍ കപ്പലിലിരുന്ന് മീന്‍ പിടിക്കുകയായിരുന്നു. വലിയൊരു മീന്‍ അയാള്‍ക്കു കിട്ടി. കറിവയ്ക്കാന്‍ മീന്‍ വെട്ടിയപ്പോള്‍ വയറില്‍നിന്ന് ഒരു വജ്രമോതിരം കിട്ടി. അയാള്‍ കപ്പിത്താനെ ആ മോതിരം കാണിച്ചു. രാജാവിന്റെ മാന്ത്രികമോതിരമായിരുന്നു അത്. കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നഷ്ടപ്പെട്ടതായിരിക്കണം. മോതിരമണിഞ്ഞ് ആരുടെ യെങ്കിലും നേരേ വിരല്‍ ചൂണ്ടിയാല്‍ അവരൊക്കെ മരിച്ചു വീഴുമെന്നതാണു മോതിരത്തിന്റെ മാന്ത്രികശക്തി.
കപ്പിത്താന്റെ ഉപദേശമനു രിച്ച് അബുസീര്‍ മോതിരവുമായി രാജകൊട്ടാരത്തിലെത്തി. കടലില്‍ മുക്കിക്കൊന്നയാള്‍ തിരിച്ചുവ ന്നതുകണ്ട് രാജാവ് കോപാക്രാന്തനായി.
”മഹാരാജന്‍, വേണമെങ്കില്‍ ഈ മാന്ത്രികമോതിരം കൊണ്ട് എനിക്കങ്ങയെയും സൈന്യത്തെയും വധിക്കാം. ഞാനതു ചെയ്യുന്നില്ല. മോതിരം രാജാവിനുതന്നെ സമ്മാനിക്കാന്‍ വന്നതാണ്.’ അബുസീര്‍ പറഞ്ഞു.
രാജാവ് മോതിരം തിരിച്ചറിഞ്ഞു. ‘താങ്കള്‍ സത്യസന്ധനാണ്, പക്ഷേ, എന്നെ വിഷക്കുഴമ്പു തേച്ച് കൊല്ലാന്‍ ശ്രമിച്ചത് എന്തിനാണ്?”- രാജാവ് ചോദിച്ചു.
അബുസീര്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തന്നെ കുഴിയില്‍ ചാടിക്കാന്‍ അബുകീര്‍ തന്ന കുഴമ്പാണ് അതെന്നും അയാള്‍ അറിയിച്ചു. വില്ലന്‍ അബുകീര്‍ തന്നെയാണെന്ന് രാജാവിനു ബോധ്യമായി.
രാജകല്പനയനുസരിച്ച് പടയാളികള്‍ വഞ്ചകനായ അബുകീറിനെ പിടികൂടി. നീറ്റുകക്ക നിറച്ച ചാക്കില്‍കെട്ടി കടലില്‍ താഴ്ത്തി. അബുസീറിന് പാരിതോഷികങ്ങളും പദവികളും നല്കി രാജാവ് ആദരിച്ചു.