വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 337 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഇക്കാലയളവില്‍ ലോകമൊട്ടാകെയുള്ള സ്വര്‍ണ ഉപഭോഗം എട്ടു ശതമാനം വര്‍ദ്ധനയോടെ 1147 ടണ്ണായി. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില്‍പ്പന 56 ശതമാനം ഉയര്‍ന്ന് 157 ടണ്ണിലെത്തി. അതേസമയം ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്നും വലിയ തോതില്‍ നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്. വില കുത്തനെ കൂടിയതു മൂലം ജ്വല്ലറികള്‍ വഴിയുള്ള സ്വര്‍ണ വില്‍പ്പനയില്‍ രണ്ടു ശതമാനം കുറവുണ്ടായി. ഇന്ത്യയിലും ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുളള കാലയളവില്‍ സ്വര്‍ണ ഉപഭോഗം പത്തു ശതമാനം ഉയര്‍ന്ന് 210 ടണ്ണിലെത്തി. നടപ്പുവര്‍ഷം രാജ്യത്തെ മൊത്തം സ്വര്‍ണ ഉപഭോഗം 750 ടണ്ണിലെത്തുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നത്. സുരക്ഷിതവും എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്നതും മികച്ച വരുമാനം നല്‍കുന്നതുമായ ആസ്തിയായ സ്വര്‍ണം എല്ലാ കേന്ദ്ര ബാങ്കുകളുടെയും വിദേശ നാണയ ശേഖരത്തിലെ പ്രധാന ഘടകമാണ്. പേപ്പര്‍ കറന്‍സികളുടെ ഗ്യാരന്റിയായും നാണയപ്പെരുപ്പ ഭീഷണി പിടിച്ചു നിറുത്താനും സ്വര്‍ണ ശേഖരത്തെ കണക്കിലെടുക്കുന്നു. സ്വര്‍ണശേഖരമുള്ള പ്രധാന പത്ത് കേന്ദ്ര ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനമാണ്. 787.40 ടണ്‍ സ്വര്‍ണ ശേഖരമാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള യു.എസ്. ഫെഡറല്‍ റിസര്‍വിന് 8,133 ടണ്‍ സ്വര്‍ണശേഖരമുണ്ട്.