ഓടുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്കു ഭക്ഷണം നല്കുന്ന ഒരു സ്ത്രീ. രസകരമായ വീഡിയോ ട്വിറ്ററിലൂടെ തരംഗമായി. ഐറിഷ് വനിതയായ അബി കാഷ്മാന്‍ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഓടുന്ന കാറിനൊപ്പം പാറന്ന കാക്ക. കൈനീട്ടി നല്കിയ ഭക്ഷണം കൊത്തിയെടുത്തു പറന്നകലുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഒരു കഥയും ഒപ്പമുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ദിവസത്തെയാണ് ഈ വീഡിയോ അവിസ്മരണീയമാക്കിയതെന്നാണ് അവര്‍ കുറിച്ചത്. കോര്‍ക്ക് എയര്‍പോര്‍ട്ടിലെ ബാരിസ്റ്റ ആയി ജോലി ചെയ്യുന്ന ഇവര്‍ ജോലിക്കു ശേഷം വീട്ടിലേക്കു പോകാന്‍ കാറിനരികില്‍ എത്തിയതായിരുന്നു. ടയര്‍ പഞ്ചറാണ്. ബസ്സില്‍ കയറി വീട്ടില്‍ പോകാമെന്നു കരുതി ബസിനരികില്‍ എത്തി. പക്ഷേ ബസ് യാത്രക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു. ഒടുവില്‍ അവള് ഒരു ടാക്സി വിളിച്ചു. ടാക്സിയില്‍ കയറുമ്പോള്‍ തന്നെ അതിന്റെ മിറര്‍ ഗ്ലാസില്‍ ഒരു കാക്ക ഇരിക്കുന്നത് അവള് ശ്രദ്ധിച്ചിരുന്നു. കാര്‍ മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോള്‍ കാറിനോടൊപ്പം കാക്ക താഴ്ന്നു പറക്കാന്‍ തുടങ്ങി. അപ്പോള്‍ കാറിന്റെ ഡ്രൈവര്‍ കാക്കയ്ക്ക് ഒരു ബിസ്ക്കറ്റ് നല്കാന് ആവശ്യപ്പെട്ടു. അങ്ങനെ ഓടിക്കൊണ്ടിരുന്ന കാറിലിരുന്നുകൊണ്ട് ബിസ്കറ്റുമായി കൈ പുറത്തേക്കിട്ടു. ഒപ്പം പറക്കുകയായിരുന്ന കാക്ക ബിസ്ക്കറ്റ് കൊത്തിയെടുത്തു പറന്നു പോകുന്ന രസകരമായ കാഴ്ച വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. അങ്ങനെ കാക്കയിലൂടെ അബി കാഷ്മാന്‍ ഒരു സോഷ്യല്‍ മീഡിയാ താരമായി മാറുകയും ചെയ്തു.
കാക്ക കൊത്തി, താരമായി
