തനിക്കെതിരേ വിരല്‍ ചൂണ്ടുന്നവരെല്ലാം രാജ്യദ്രോഹികള്‍. ഇതാണ് ഉത്തരത്തിലെ നരേന്ദ്രന്റെ മനോനില. അതുതന്നെയാണ് ദക്ഷിണത്തിലെ വിജയനുമുള്ളത്. എതിരഭിപ്രായം പറയുന്നവരെ കൊന്നു തിന്നുക. ഇത് ഒരുതരം നരഭോജി സംസ്‌കാരമാണ്. സഹിഷ്ണുതയുടേയും സഹവര്‍ത്തിത്തന്റേയും മഹത്തായ പാരമ്പര്യമുണ്ടായിരുന്ന നാടാണിത്. ഇപ്പോള്‍ സിബിഐ മുതല്‍ പോലീസ് വരെയുള്ള ഭരണകൂട സ്ഥാപനങ്ങളെ ഉപയോഗിച്ച് കൊന്നുതിന്നുന്ന നിലയിലേക്ക് അധപതിച്ചു. ആനപ്പുറത്തിരിക്കുമ്പോള്‍ താഴെയുള്ളവരെയെല്ലാം കീടങ്ങളായി തോന്നുന്നത് ആനപ്പുറത്ത് എഴുന്നുള്ളന്നവരുടെ മനോനിലയുടെ സവിശേഷതയാണ്. ആ മനോനിലയെ ഫാസിസമെന്നോ അധികാര ഭ്രാന്തെന്നോ വിളിക്കാനാവില്ല. കേരളത്തില്‍ കറുത്ത നിറം പോലീസ് നിരോധിച്ചിരിക്കുകയാണ്. കറുപ്പു കണ്ടാല്‍ പേടിയാണ്. കാക്കിപ്പടയ്ക്കും കറുപ്പു പേടി. മരണവീട്ടില്‍ ദുഖസൂചകമായി നാട്ടിയ കറുത്ത കൊടിപോലും പോലീസുകാര്‍ അപഹരിച്ചുകൊണ്ടുപോയി. കുട്ടിയുമൊത്തു മെഡിക്കല്‍ ഷോപ്പിലെത്തി മരുന്നു വാങ്ങിയ ഗൃഹനാഥനെയും മരുന്നു നല്‍കിയ മെഡിക്കല്‍ ഷോപ്പുടമയേയും പോലീസ് നടുറോഡിലിട്ട് ചവിട്ടിക്കൊന്നില്ലെന്നേയുള്ളൂ. പ്രതിഷേധ സമരത്തിന്റെ ഭാഗമായി കറുത്ത കൊടി വീശി വഴിയോരത്തു നില്‍ക്കുന്നവരെ പട്ടിമാസ് കളിച്ചു പോലീസ് പിടികൂടുന്നു. ഈ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളിലൂടെ കാണുമ്പോള്‍ ആരും ചിരിച്ചുപോകും. രാഷ്ട്രീയ യജമാനനെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും പട്ടും പുടവയുമെല്ലാം നേടാനുമാണ് സുരക്ഷ എന്ന പേരില്‍ പോലീസ് ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്.
പോലീസൊന്നും വേണ്ട, ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കി പ്രതിഷേധക്കാരെ നേരിടാമെന്നാണ് ഡിവൈഎഫ്ഐ നേതാക്കള്‍ കൊല്ലത്ത് തെളിയിച്ചത്. മന്ത്രി പി. രാജീവിനെതിരേ കരിങ്കൊടി കാണിച്ചവരെ ഡിവൈഎഫ്ഐ ക്വട്ടേഷന്‍ കൊലയാളി സംഘത്തെ ഉപയോഗിച്ചാണ് അടിച്ചോടിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നത്. കണ്ണൂരില്‍ കറുത്ത ഷര്‍ട്ടു ധരിച്ചു വേദിയിലെത്തിയ മരുമകന്‍ മന്ത്രിയോട് പോലീസോ മുഖ്യമന്ത്രി പിണറായി വിജയനോ കറുത്ത ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞില്ല. എന്നാല്‍ മറ്റാരും കറുപ്പണിയരുതെന്നാണു കല്‍പന. പോലീസിന്റെ കറുപ്പു നിരോധനം തലമുടിയില്‍ ഡൈ ചെയ്തു കറുപ്പു നിലനിര്‍ത്തുന്നവര്‍ക്കു തത്കാലം ബാധകമാക്കിയിട്ടില്ല. അടുത്ത ഘട്ടത്തില്‍ അതും പ്രതീക്ഷിക്കാം. കറുപ്പിനെ പേടിയുള്ളയാള്‍ക്കുവേണ്ടി പാര്‍ട്ടിക്കാരും നാട്ടുകാരമെല്ലാം കറുത്ത തലമുടിയിലെല്ലാം ചുവന്ന പെയിന്റടിക്കണമെന്ന ഉത്തരവു വരാന്‍ അധികം താമസമില്ല. സംസ്ഥാന സര്‍ക്കാരിന്റെ നികുതിക്കൊള്ള അടക്കമുള്ള ജനദ്രോഹങ്ങളെ വിമര്‍ശിക്കുന്നവരെ വെറുതേ വിടില്ലെന്നു സാരം.
ശതകോടികളുടെ ആരോപണങ്ങള്‍ നേരിടുന്ന അദാനി ഗ്രൂപ്പിനെതിരേ അന്വേഷണത്തിനു തയാറാകാതെ ഗൗതം അദാനിക്കു സംരക്ഷണം നല്‍കുന്ന ഭരണകൂടമാണു കേന്ദ്രത്തിലുള്ളത്. ഇതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരേന്ദ്ര ‘ഗൗതം ദാസ’് മോദി എന്നു വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. പാര്‍ലമെന്റില്‍ വിമര്‍ശിച്ചവര്‍ക്കെതിരേ നടപടിയും തുടങ്ങി. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളെന്നു മുദ്രയടിക്കാന്‍ ഓടിനടക്കുകയാണു കേന്ദ്രമന്ത്രിമാര്‍. ജനദ്രോഹത്തെ വിമര്‍ശിക്കുന്നവരെയെല്ലാം റെയ്ഡ് നടത്തിയും അറസ്റ്റു ചെയ്തും തുടച്ചുനീക്കുകയാണ്. മോദി ബിബിസിയോടു ചെയ്തതിനേക്കാള്‍ മ്ളേച്ഛമായതാണ് വിജയന്‍ കേരളത്തില്‍ ചെയ്യുന്നത്. പണിമുടക്കി ജനങ്ങളോടു നടത്തിയ അക്രമങ്ങളെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെ കേസില്‍ കുടുക്കി തുടച്ചുനീക്കാനാണു ശ്രമം. മറ്റൊരു ഹര്‍ത്തലക്രമങ്ങള്‍ക്ക് ഒരു കൂട്ടരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടതു ഹൈക്കോടതിയാണ്. ജനങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ നയിക്കുന്ന രാഷ്ട്രീയ കൊള്ളത്തലവന്മാരായ പാഴ്മരങ്ങളെ പോലീസും ഭരണകൂടവും സംരക്ഷിക്കുന്നു. നീതിപീഠമെങ്കിലും കണ്ണു തുറക്കട്ടെ. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ തിരുത്തപ്പെടണം. വിമര്‍ശകരെ കൊന്നുതിന്നുന്ന നരഭോജികളാകാനല്ല ജനാധിപത്യം നിങ്ങളുടെ കൈകളില്‍ അധികാരമേല്‍പിച്ചിരിക്കുന്നത്.