സ്വര്‍ണവിലയിലെ വന്‍ വീഴ്ച തുടരുന്നു. ഒക്ടോബറില്‍ കത്തിക്കയറിയ സ്വര്‍ണം അതുപോലെ തന്നെ താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃശ്യമാകുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ഇപ്പോഴത്തെ വിലക്കുറവ് കുടുംബങ്ങളില്‍ വലിയ ആശ്വാസമാണ്. ഇന്നലത്തെ വിലയില്‍ നിന്ന് സ്വര്‍ണം ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പവന്‍ വില, 55,480 രൂപ. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 6,935 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,720 രൂപയായി കുറഞ്ഞു. ഇന്ന് താഴ്ന്നത് 90 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 97ല്‍ എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.