ഓറഞ്ച് നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എന്‍എല്‍. ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനു പകരം ‘കണക്ടിങ് ഭാരത്’ എന്നും പുതിയ ലോഗോയില്‍ കാണാം. രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങള്‍. നിലവില്‍ തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് 4ജി സേവനങ്ങള്‍ ലഭ്യമാകുന്നത്. കുറഞ്ഞ നിരക്കുകള്‍ കാരണം ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോള്‍ഔട്ട് പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് ശേഷം 6 മുതല്‍ 8 മാസത്തിനകം 5ജി സേവനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫൈബര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ ദേശീയ വൈഫൈ റോമിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്. 500 ലധികം ലൈവ് ചാനലുകളും പേ ടിവി ഓപ്ഷനുകളും ഉള്‍പ്പെടുന്ന പുതിയ ഫൈബര്‍ അധിഷ്ഠിത ടിവി സേവനവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. പുതിയ വരിക്കാരെ ലക്ഷ്യമിട്ട് ഫാന്‍സി മൊബൈല്‍ നമ്പറുകള്‍ സ്വന്തമാക്കാനുള്ള അവസരവും കമ്പനിയൊരുക്കുന്നുണ്ട്.