രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്റെ പേര്. ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍-ടു-ദി-ഹോം (എഫ്ടിടിഎച്ച്) സബ്സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനില്‍ നിന്ന് സ്വതന്ത്രമായാണ് ഇത് പ്രവര്‍ത്തിക്കുക. അതിനാല്‍ ഉപഭോക്താവിന്റെ എഫ്ടിടിഎച്ച് പ്ലാനില്‍ നിന്ന് ഡാറ്റ ഉപയോഗിക്കില്ല. സെറ്റ്-ടോപ് ബോക്സ് ഇല്ലാതെ തന്നെ ടെലിവിഷന്‍ ചാനലുകള്‍ ഈ സേവനത്തിലൂടെ നല്‍കുന്നു. മധ്യപ്രദേശിലും തമിഴ്നാട്ടിലുമാണ് ആദ്യ ഘട്ടത്തില്‍ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. മറ്റ് സര്‍ക്കിളുകളിലേക്ക് വൈകാതെ വ്യാപിപ്പിക്കും. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ടിവിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പന. 500ലധികം ലൈവ് ടിവി ചാനലുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാണ്. നിലവില്‍ എല്ലാ ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും സൗജന്യമായി സേവനം ആസ്വദിക്കാം.