flag

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’യുമായി രാജ്യത്തെ അനേകായിരം വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. മന്ത്രിമാരും സാംസ്‌കാരിക, രാഷ്ട്രീയ നായകരും മുതല്‍ സാധാരണക്കാര്‍വരെ വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നാളെ. 16, 17 തീയതികളില്‍ പ്രവേശനം. അവസാന അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്ലസ് വണ്‍  പ്രവേശനം പൂര്‍ത്തിയാക്കും. ഈ മാസം 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയത് 2,13, 532 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ സ്ഥിരം പ്രവേശനം നേടിയത് 1,19,475 പേരും താത്കാലിക പ്രവേശനം നേടിയത് 94,057 പേരുമാണ്.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 261 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഗ്രേഡ് എസ്‌ഐ എസ്.എസ് സാബു രാജനും മെഡലിന് അര്‍ഹനായി. വാഹനത്തിരക്കും കുഴികളുമുള്ള റോഡിനുപകരം നല്ല റോഡിലൂടെ മന്ത്രിയെ കൊണ്ടുപോയതിനാണ് റൂട്ടു മാറ്റിയെന്ന് ആരോപിച്ച്  ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പോലീസില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുജനങ്ങള്‍ സിപിഎമ്മിന്റെ മേന്മ മനസിലാക്കി പിന്തുണയ്ക്കുന്നുണ്ട്. കിഫ്ബിയെ തകര്‍ത്ത് കേരളത്തിലെ വികസനം തടയാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമമെന്നും അദ്ദേഹം കൊല്ലത്ത് ആരോപിച്ചു.

പണം തന്നാല്‍ ദേശീയപാതകളിലെ കുഴിയടയ്ക്കാന്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പു തയാറാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പിഡബ്ല്യുഡിക്കു കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീലിന്റെ ‘ആസാദ് കാഷ്മീര്‍’ പരാമര്‍ശം  രാജ്യദ്രോഹപരമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ‘ആസാദ് കാഷ്മീര്‍’എന്ന് ഡബിള്‍ ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന് കെ.ടി. ജലീല്‍. ഇന്‍വെര്‍ട്ടഡ് കോമയുടെ അര്‍ത്ഥം മനസിലാക്കാന്‍ കഴിയാത്തവരോട് സഹതാപമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ നടപ്പാക്കുന്ന മലിനജല സംസ്‌കരണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്‌കരണ പദ്ധതിക്കായി 25 ലക്ഷം രൂപ അധികതുക ക്വോട്ടു ചെയ്ത റാംബയോളജിക്കല്‍സ് എന്ന കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുത്തത് ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തല്‍.

ലിംഗ സമത്വ യൂണിഫോമിനെതിരേ പ്രചാരണം ശക്തമാക്കുമെന്നു സമസ്തം. നിരീശ്വര വാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന രീതിയിലാണു പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്‌ളാസ് നല്‍കാനും തീരുമാനിച്ചു.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തില്‍ നിന്ന് പിന്തിരിയണം. സര്‍ക്കാര്‍ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം പ്രതിസന്ധിയിലായെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ തിരുവന്തപുരത്ത് ലത്തീന്‍ സഭ പ്രതിഷേധിക്കുന്നതിനിടെ കൊല്ലത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി സിഐടിയു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കാല്‍ ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കും.

ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ധനുവച്ചപുരം ഗവണ്‍മെന്റ് ഐ.ടി.ഐയെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐ.ടി.ഐ ആക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *