RAIN 1 1

◼️മഴക്കെടുതിയില്‍ ആറു പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ അമ്മയുടെ കൈപിടിവിട്ട് ഒഴുകിപ്പോയ രണ്ടരവയസുകാരി നുമ തസ്ലീന്‍, റിയാസ്, രാജേഷ് എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. കൊളക്കാട് പിഎച്ച്സിയിലെ നഴ്‌സ് നദീറയുടെ മകളാണു നുമ തസ്ലീന്‍. രാത്രി പത്ത് മണിയോടെ മലവെള്ളപാച്ചിലുണ്ടായപ്പോള്‍ അമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വെള്ളത്തില്‍വീണ് ഒഴുകി പോകുകയായിരുന്നു. ഇന്നു രാവിലെയാണു മൃതദേഹം കിട്ടിയത്. കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ടാണ് റിയാസ് മരിച്ചത്.

◼️മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയര്‍ന്നു. ആലുവാ ക്ഷേത്രം മുങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം തേടി. ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലെര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 757 പേര്‍ ക്യാംപുകളിലുണ്ട്.

◼️

തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍. മണിമലയാര്‍ കവിഞ്ഞൊഴുകുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ വാമനപുരം, കല്ലട, കരമന, അച്ചന്‍കോവില്‍, പമ്പ നദികളില്‍ പ്രളയസാധ്യത. ചാലക്കുടിപുഴയും കവിഞ്ഞു. വലിയ അണക്കെട്ടുകള്‍ തത്കാലം നിറയില്ല, തുറക്കുകയുമില്ലെന്നും കേന്ദ്രജലകമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മനോഷ് വ്യക്തമാക്കി.

◼️ചാലക്കുടി പുഴയിലെ തുരുത്തില്‍ കുടുങ്ങിയ കാട്ടാന മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കരകയറി. ചുറ്റും കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തില്‍ ഒലിച്ചുപോകാതെ കരകയറിയത് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ്.

◼️തീവ്രമഴയിലും മണ്ണിടിച്ചിലിലും സര്‍ക്കാര്‍ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *