ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ടു. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ നിതീഷ് ഇന്നു വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്കു രണ്ടിനാണു സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കം 164 എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്ത് ഗവര്‍ണര്‍ക്കു കൈമാറി. മഹാരാഷ്ട്രയില്‍ ചെയ്തതുപോലെ ജെഡിയു എംഎല്‍എമാരെ വശത്താക്കി തന്നെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് നിതീഷിന്റെ ആരോപണം.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യഘട്ടം അലോട്ട്മെന്റില്‍ 2,38,150 വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം. ചേരാനുള്ള അവസാന തീയതി ഇന്ന്. കമ്യൂണിറ്റി സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് കോടതി ഉത്തരവു വരാനുള്ളതിനാല്‍ 59,616 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്.
മഴ കുറഞ്ഞെങ്കിലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
ഇന്നും മഴ തുടരും. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. ഡാമുകള്‍ നിറഞ്ഞതിനാല്‍ ഇന്നലെ കൂടുതല്‍ വെള്ളം തുറന്നുവിട്ടു. കക്കയം ഡാം തുറന്നു. കുറ്റ്യാടി പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു വര്‍ധിപ്പിച്ചു.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങും. രണ്ടു ദിവസത്തിനകം ഗവര്‍ണറെ നേരില്‍ കണ്ട് സംസാരിക്കും. ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നതുമൂലം 11 ഓര്‍ഡിനന്‍സുകളാണ് റദ്ദായത്. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു നല്‍കുന്ന ഓര്‍ഡിനന്‍സിനുള്ള നീക്കത്തിനെതിരേയാണ് ഗവര്‍ണറുടെ പ്രതിഷേധം.
ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതിനു നിയമോപദേശം തേടിയെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കി. റോഡിലെ കുഴിയടയ്ക്കലിനു ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാറിലെ വെള്ളത്തെച്ചൊല്ലി ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിനാണു സ്റ്റാലിന്‍ മറുപടി നല്‍കിയത്. അണക്കെട്ടിലേക്കും പുറത്തേക്കുമുള്ള വെള്ളത്തിന്റെ ഒഴുക്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടില്ലെന്നും മറുപടിയില്‍ സ്റ്റാലിന്‍ ഉറപ്പു നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിലൂടെ ഐപിഎസ് ഉദ്യോഗസ്ഥനില്‍നിന്നും പണം തട്ടാന്‍ ശ്രമം. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു.
തൃശൂര്‍ കുന്നംകുളം തുവാനൂരില്‍ നാലു വയസുകാരനെ മടലുകൊണ്ട് അടിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടിയുടെ കരച്ചില്‍ ശല്യമായെന്നു പറഞ്ഞാണ് അടിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.