എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കുഞ്ഞന്‍ കാറിന്റെ പൂര്‍ണ്ണ വില പട്ടിക ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്റെ ഡെലിവറി ഈ മാസം ഘട്ടം ഘട്ടമായി ആരംഭിക്കും. ഇതുകൂടാതെ, ഡെലിവറി പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണെന്ന് ഉറപ്പാക്കാന്‍, എംജി ഒരു ആപ്പും അവതരിപ്പിച്ചു. ‘MyMG’ ആപ്പില്‍ ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ എന്ന ഫീച്ചര്‍ ബുക്കിംഗ് മുതല്‍ ഡെലിവറി വരെ പൂര്‍ണ്ണമായും സുതാര്യമായ അനുഭവം വാഗ്ദാനം ചെയ്യും എന്നും കമ്പനി പറയുന്നു. എംജി കോമറ്റിന് മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്. മൂന്ന് വേരിയന്റുകളിലായാണ് ഈ ചെറിയ ഇവി വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ പേസ് വേരിയന്റിന് 7.78 ലക്ഷം രൂപയാണ് വില, മിഡ്-സ്‌പെക്ക് പ്ലേ, ഫുള്‍-ലോഡഡ് പ്ലഷ് വേരിയന്റുകള്‍ക്ക് യഥാക്രമം 9.28 ലക്ഷം രൂപയും 9.98 ലക്ഷം രൂപയുമാണ് വില. ഇവ പ്രാരംഭ വിലകളാണ്. ഈ വില ഇവയുടെ ആദ്യ 5,000 ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കും.