ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ആഡംബരമുള്ള കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം കിയാര അദ്വാനി. 2.69 കോടി രൂപ വിലയുള്ള മെഴ്സിഡീസ് മെയ്ബ എസ്580യാണ് കിയാര സ്വന്തം ഗാരേജിലേക്കെത്തിച്ചിരിക്കുന്നത്. എസ് 580യില്‍ എത്തുന്ന കിയാരയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ എസ് ക്ലാസ് മെയ്ബ സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെഴ്സിഡീസിന്റെ ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മിച്ച വാഹനമെന്ന സവിശേഷതയും എസ്580ക്കുണ്ട്. കിയാരയുടെ എസ്580യിലെ മുന്നിലേയും പിന്നിലേയും സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ്. പിന്‍ സീറ്റിലെ യാത്രികര്‍ക്ക് കൈകൊണ്ടുള്ള ആംഗ്യം കൊണ്ടുതന്നെ ഡോറടക്കാന്‍ സാധിക്കുന്ന ഡോര്‍മെന്‍ ഫീച്ചറും എസ്580യിലുണ്ട്. 48 വോള്‍ട്ടിന്റെ ഇക്യു ബൂസ്റ്റുള്ള 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് എസ്580യുടെ കരുത്ത്. 496ബിഎച്പി കരുത്തുള്ള വാഹനത്തിന്റെ പരമാവധി ടോര്‍ക്ക് 700എന്‍എം ആണ്.