രാജ്യത്തെ പ്രമുഖ ഡിസ്കൗണ്ട് ബ്രോക്കിംഗ് സ്ഥാപനമായ സെരോധയ്ക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ ലാഭം 62 ശതമാനം വര്‍ധിച്ച് 4,700 കോടി രൂപയിലെത്തി. വരുമാനം 21 ശതമാനം ഉയര്‍ന്ന് 8,320 കോടി രൂപയുമായി. കൈയിലെത്താനുള്ള 1,000 കോടി രൂപയുടെ ലാഭം കണക്കാക്കാതെയാണിതെന്ന് കമ്പനിയുടെ സാമ്പത്തിക കണക്കുകളുടെ വിവരം ഭാഗികമായി പുറത്തുവിട്ടുകൊണ്ട് സ്ഥാപകനും ശതകോടീശ്വരനുമായ നിതിന്‍ കാമത്ത് ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ഈ ലാഭം പിന്നീടാകും കമ്പനിയുടെ കണക്കുകളില്‍ ഉള്‍പ്പെടുത്തുക. സെരോധ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി, അതായത് ഡീമാറ്റ് അക്കൗണ്ടിലുള്ള നിക്ഷേപം 5.66 ലക്ഷം കോടിയാണ്. വിപണിയിലെ കുതിപ്പിലും ഐ.പി.ഒ വിപണിയുടെ മികച്ച പ്രകടനത്തിലും റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് നേട്ടമായത്.
സെരോധയ്ക്ക് ലാഭത്തില്‍ വന്‍ കുതിപ്പ്
