പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതില്‍ വന്‍ ഇടിവ്. ഫെബ്രുവരിയില്‍ ഇത് മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 ഫെബ്രുവരിയില്‍ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.08 ദശലക്ഷമാണ്. ഇത് നവംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ അക്കൗണ്ട് ഓപ്പണിംഗ് നിരക്കാണ്. മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം ഇടിവ്. അതേസമയം ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം വര്‍ദ്ധിച്ച് 112.54 ദശലക്ഷം കടന്നു. ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ നിക്ഷേപിക്കാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് താല്പര്യം കുറഞ്ഞതാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാന്‍ കാരണം. ഉയര്‍ന്ന പണപ്പെരുപ്പം, ആഗോള അസ്ഥിരത തുടങ്ങിയവയും പലിശ നിരക്ക് ഉയരുന്നതും കാരണം ലാര്‍ജ്, മിഡ് ക്യാപ് സ്റ്റോക്കുകള്‍ കഴിഞ്ഞ ആറ് മാസമായി കുറഞ്ഞ വരുമാനമാണ് നല്‍കുന്നത്. 2022 നവംബര്‍ മുതല്‍ ഇന്നുവരെ, സെന്‍സെക്സും നിഫ്റ്റിയും 0.9 ശതമാനവും 1.7 ശതമാനവും ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് എന്നിവ യഥാക്രമം 2.3 ശതമാനവും 2.5 ശതമാനവും ഇടിവ് നേരിട്ടു.
പുതിയ ഡീമാറ്റ് അക്കൗണ്ടുകളില്‍ വന്‍ ഇടിവ്
