ഭദ്രകാളിയെ വെട്ടിലാക്കിയ വരദാനം

മിത്തുകള്‍, മുത്തുകള്‍ – 27
വിക്രമാദിത്യകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

ദേവേന്ദ്രന്റെ ക്ഷണം സ്വീകരിച്ച് ദേവലോകം സന്ദര്‍ശിച്ചു മടങ്ങിയ വിക്രമാദിത്യ ചക്രവര്‍ത്തിക്ക് കലിംഗ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഉജ്ജയിനില്‍ ഉജ്വല വരവേല്‍പ്പ്. പതിനായിരക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ഘോഷയാത്രയായി അവര്‍ ചക്രവര്‍ത്തിയെ കൊട്ടാരത്തിലേക്ക് ആനയിച്ചു. കൊട്ടാരമുറ്റത്തു തിങ്ങിക്കൂടിയ ജനങ്ങളോട് വിക്രമാദിത്യന്‍ ദേവലോകത്തെ അദ്ഭുത ദൃശ്യങ്ങളെപ്പറ്റിയും അനുഭവങ്ങളെക്കുറിച്ചും ദീര്‍ഘസമയം സംസാരിച്ചു

ജനം പിരിഞ്ഞു. അനുജനും പ്രധാനമന്ത്രിയുമായ ഭട്ടി മാത്രം അരികിലുണ്ട്. വിക്രമാദിത്യനെപ്പോലെ ബുദ്ധിരാക്ഷസനും ധര്‍മിഷ്ഠനുമാണ് ഭട്ടി. അത്യന്തം കൂറു പുലര്‍ത്തുന്നവനും. ചക്രവര്‍ത്തി തിരിച്ചുവന്നപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായെ ങ്കിലും ഭട്ടിക്ക് അത്ര സന്തോഷം തോന്നിയില്ല. അത്ര പ്രസന്നമല്ലാത്ത ഭട്ടിയുടെ മുഖംകണ്ട് വിക്രമാദിത്യന്‍ ചോദിച്ചു: ”ഉം… എന്തുപറ്റി?’

‘ദേവേന്ദ്രന്‍ അങ്ങേയ്ക്ക് വിശിഷ്ടമായ അനുഗ്രഹമോ വരമോ ഒന്നും തന്നില്ലേ?’ ഭട്ടിയുടെ ചോദ്യം.

‘ഓ! ഞാനതു പറയാന്‍ വിട്ടുപോയി. ആയിരംകൊല്ലം ഈ സിംഹാസനത്തിലിരുന്ന് ഭരിക്കാനുള്ള വരം എനിക്കു തന്നിട്ടുണ്ട്!’

”അതു നന്നായി.” ചെറുപുഞ്ചിരി മുഖത്തുവരുത്താന്‍ ശ്രമിച്ചുകൊണ്ട് ഭട്ടി തുടര്‍ന്നു- ‘ഇരുമെയ്യാണെങ്കിലും മനമൊന്നായി കഴിയുന്ന എനിക്ക് അങ്ങ് എന്തെങ്കിലും ദേവലോകത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടോ?’

ഞെട്ടലോടെയാണ് വിക്രമാദിത്യന്‍ ആ ചോദ്യം ശ്രവിച്ചത്. ന്യായമായ ചോദ്യം. ഭട്ടിക്കുവേണ്ടി കാര്യമായി എന്തെങ്കിലും വാങ്ങണമെന്ന കാര്യം ഓര്‍ക്കാതിരുന്നതില്‍ അദ്ദേഹത്തിനു കലശലായ ദുഃഖം തോന്നി.

”എന്നോടു ക്ഷമിക്കണം. തിരക്കിനിടയില്‍ ഞാനതു വിട്ടുപോയി.’ സഹോദരനും മന്ത്രിയുമായ ഭട്ടിയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ക്കുവേണ്ടി പരതി വിമ്മിട്ടപ്പെടുന്നതിനിടയില്‍ ചുട്ട മറുപടി വന്നു:

”വേണ്ട, വേണ്ട. കൂടുതലൊന്നും പറയേണ്ട. എല്ലാം മനസിലായി.’ തിടുക്കത്തില്‍ ഭട്ടി പുറത്തേക്കു പാഞ്ഞു. തനിക്കുകൂടി അവകാശപ്പെട്ട കിരീടമാണ് വിക്രമാദിത്യന്റെ തലയിലിരിക്കുന്നതെന്നുപോലും പറയാന്‍ അയാളുടെ നാവു വെമ്പിയതാണ്. പക്ഷേ, എല്ലാം നിയന്ത്രിച്ച് പുറത്തേക്കോടുകയായിരുന്നു.

‘എല്ലാ കാര്യങ്ങളിലും ഇതുവരെ ഒന്നിച്ചുനിന്നു. ഇപ്പോള്‍ ആയിരംകൊല്ലം ജീവിക്കാനുള്ള വരം കിട്ടിയപ്പോള്‍ വിക്ര മാദിത്യന്‍ എന്നെ മറന്നിരിക്കുന്നു. എനിക്കുകൂടി ആ വരം ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ദുഷ്ടന്‍!’- ഭട്ടി മനസില്‍ കരുതി. അയാളുടെ മനസില്‍ അസൂയയും ദേഷ്യവും എരിഞ്ഞുയര്‍ന്നു. നിമിഷങ്ങള്‍ക്കകം അതു വലിയ അഗ്നികുണ്ഠം പോലെ ആളിക്കത്തി.

‘ഇതിനേക്കാള്‍ വലിയ അനുഗ്രഹം നേടിയിട്ടുള്ള കാര്യമേയുള്ളൂ. വിക്രമാദിത്യനെ പാഠം പഠിപ്പിക്കണം.’ ഭട്ടി മനസില്‍ വെല്ലുവിളിച്ച് കുതിരപ്പുറത്തുകയറി വനത്തിലേക്കു യാത്രയായി. വനമധ്യത്തില്‍ ഭദ്രകാളിയുടെ ക്ഷേത്രമുണ്ട്. തികഞ്ഞ കാളിഭക്തനായ തന്റെ വിഷമത്തിനു ദേവി പരിഹാരം കാണുമെന്ന ഉറച്ച വിശ്വാസത്തോടെ അയാള്‍ ക്ഷേത്രത്തില്‍ മനമുരുകി പ്രാര്‍ഥിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ദേവി പ്രത്യക്ഷപ്പെട്ടു.

”വത്സാ, ഭട്ടീ, നിനക്കെന്താണു വേണ്ടത്?”

”അമ്മേ, അടിയനെ കൈവിടരുതേ. അടിയന്റെ ജ്യേഷ്ഠനായ വിക്രമാദിത്യ ചക്രവര്‍ത്തിക്ക് ദേവേന്ദ്രന്‍ ഒരു വരം നല്‍കി. ആയിരം കൊല്ലം രാജ്യം ഭരിക്കാനുള്ള വരം. എന്നാല്‍, അദ്ദേഹത്തിന്റെ യശസിനുവേണ്ടി കഠിനപ്രയത്നം നടത്തുന്ന എനിക്കായി ഒരു വരവും അദ്ദേഹം ചോദിച്ചുവാങ്ങിയില്ല. അമ്മ മാത്രമാണ് എന്റെ ആശ്രയം. രണ്ടായിരം കൊല്ലം യശസോടെ ജീവിക്കാനുള്ള വരം അമ്മയെനിക്കു തരണം.’

‘അതു സാധ്യമല്ല’- ദേവിയുടെ മറുപടി.

ഭട്ടി പിന്മാറിയില്ല. ദേവിക്കുമുന്നില്‍ വീണ്ടും പ്രണമിച്ചുകൊണ്ട് കൂടുതല്‍ ശക്തമായി പ്രാര്‍ഥന തുടര്‍ന്നു. ഭട്ടിയുടെ വിശ്വാസതീവ്രത കണ്ട് ദേവിക്കു സന്തോഷമായി.

‘ഭട്ടീ, നീയാവശ്യപ്പെട്ട വരം ഞാന്‍ തരാം. എന്നാല്‍ ഒരു ഉപാധിയുണ്ട്. വിക്രമാദിത്യന്റെ ശിരസുവെട്ടി എനിക്കായി നരബലിയര്‍പ്പിക്കണം. ശിരസ് എന്റെ പാദങ്ങളിലര്‍പ്പിക്കണം. എന്താ, സമ്മതമാണോ?’

വിക്രമാദിത്യനോട് അസൂയക്കലി മൂത്ത ഭട്ടി അതു സമ്മതിച്ചു കൊട്ടാരത്തിലേക്കു തിരിച്ചോടി. അവിടെയത്തിയപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. അന്തഃപുരത്തില്‍ പത്നീസമേതം സുഖനിദ്രയിലാണ് ചക്രവര്‍ത്തി. കിടക്കറയിലേക്കു നുഴഞ്ഞുകയറി. പള്ളിക്കട്ടിലിനരികില്‍ ഒരു പീഠത്തില്‍ വിക്രമാദിത്യന്റെ ഇരുതലമൂര്‍ച്ചയുള്ള വാള്‍. പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ പെരുവിരലില്‍ നടന്ന് ആ വാള്‍ കൈയിലെടുത്തു. പിന്നെ വിക്രമാദിത്യനെ വിളിച്ചുണര്‍ത്തി. പാതിരാത്രിയില്‍ വാളുമായി നില്‍ക്കുന്ന ഭട്ടിയെ കണ്ടപ്പോള്‍ വിക്രമാദിത്യനു നല്ല തമാശയാണു തോന്നിയത്. ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഭട്ടി അദ്ദേഹത്തിന്റെ വായ് അടച്ചുപിടിച്ചു.

”ശ്ശ്… ശബ്ദിക്കരുത്. എനിക്ക് അങ്ങയുടെ തലവേണം’- ഭട്ടി പതുക്കെ പറഞ്ഞു.

‘ഇതു നല്ല തമാശ. ഇതിനു വിളിച്ചുണര്‍ത്തി ചോദിക്കേണ്ട കാര്യമുണ്ടോ? എന്റെ സര്‍വവും നിനക്കുകൂടിയുള്ളതല്ലേ. എന്റെ തലയോ കാലോ നിനക്ക് ആവശ്യമുള്ളത് മുറിച്ചെടുക്കുക.’.

ഹൃദയം തുറന്ന ചിരിയോടെ വിക്രമാദിത്യന്‍ കട്ടിലിലിരുന്ന് തലനീട്ടിക്കൊടുത്തു.

ഞൊടിയിടയ്ക്കുള്ളില്‍ ഭട്ടി വാള്‍വീശി. വിക്രമാദിത്യന്റെ ശിരസ് താഴെ വീണുരുണ്ടു. വെട്ടിയിട്ട വാഴപോലെ തലയില്ലാത്ത കബന്ധം കിടക്കയിലും. രക്തം ഇറ്റിറ്റുവീഴുന്ന തലയുമെടുത്ത് ഭട്ടി വനത്തിലേക്കു തിരിച്ചു. ദേവീ പ്രതിഷ്ഠയ്ക്കുമുന്നില്‍ അതു സമര്‍പ്പിച്ചു. നരബലി സ്വീകരിക്കാന്‍ ദേവി പ്രത്യക്ഷപ്പെട്ടു. വാഗ്ദാനമനുസരിച്ച് വരം നല്‍കി: ”രണ്ടായിരം കൊല്ലം നീ യശസോടെ ജീവിക്കും!’ ഇതുകേട്ടയുടനെ ഭട്ടി നല്ലൊരു തമാശ കേട്ടമട്ടില്‍ പൊട്ടിച്ചിരിച്ചു.

”എന്നെ പരിഹസിക്കുകയാണോ?’ ദേവി ദ്വേഷ്യത്തോടെ ചോദിച്ചു.

‘അമ്മ പൊറുക്കണം. അടിയന്‍ പരിഹസിച്ചതല്ല. വിക്രമാദിത്യന് ആയിരം കൊല്ലം ജീവിക്കാനുള്ള വരം ദേവേന്ദ്രന്‍ സമ്മാനിച്ചിട്ട് രണ്ടുദിവസമേ ആയുള്ളൂ. ഇപ്പോഴിതാ അദ്ദേഹം മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശിരസാണ് ദേവിക്കു മുന്നിലുള്ളത്. ഇപ്പോള്‍ അമ്മ എനിക്കു രണ്ടായിരം വര്‍ഷം ജീവിക്കാനുള്ള വരം തന്നിരിക്കുന്നു. ദേവേന്ദ്രന്റെ വരം വെള്ളത്തില്‍ വരച്ചതുപോലെയായി. അതുപോലെതന്നെയല്ലേ അമ്മയുടെ വരവും എന്ന് ഓര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ എങ്ങനെ കഴിയും?’ ഭട്ടി പറഞ്ഞു.

അതു ശരിയാണെന്ന് ഭദ്രകാളിക്കു ബോധ്യമായി. ‘എന്റെ വരം സഫലമാകും. അതില്‍ അണുവിട മാറ്റമില്ല.’- ദേവി

‘ദേവീദേവന്മാരുടെ വാക്കുകളില്‍ എനിക്കു നല്ല വിശ്വാസമുണ്ടായിരുന്നു. വിക്രമാദിത്യന്റെ മരണം ആ വിശ്വാസ ത്തിനെതിരായ തെളിവാണ്. എന്റെ വിശ്വാസം പുനരാര്‍ജിക്കുന്നതിന് ഒറ്റ വഴിയേയുള്ളൂ. ദേവേന്ദ്രന്റെ വരവും സഫ ലമാകണം. വിക്രമാദിത്യ ചക്രവര്‍ത്തിയെ പുനര്‍ജീവിപ്പിക്കണം.’

ഭട്ടിയുടെ വാദം ശരിയാണെന്നു ഭദ്രകാളിക്കു തോന്നി. അദ്ദേഹത്തിന്റെ തന്ത്രവും ബുദ്ധിശക്തിയും തന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോയെന്ന് തോന്നിയെങ്കിലും അവര്‍ മനസാ അഭിനന്ദിച്ചു.

‘ഒരു കാര്യ ചെയ്യൂ. ഇതാ, ഈ പുനര്‍ജനീഭസ്മം വിക്രമാദിത്യന്റെ ശരീരത്തില്‍ പുരട്ടി കബന്ധത്തില്‍ അദ്ദേഹത്തിന്റെ തല ചേര്‍ത്തുപിടിച്ച് പുനര്‍ജന്മ മന്ത്രം ഉച്ചരിച്ചാല്‍ അദ്ദേഹത്തിനു ജീവന്‍ തിരിച്ചു കിട്ടും. സന്തോഷമായി പോകുക.’

ഭട്ടി തൊഴുകൈയോടെ ദേവിക്കു നന്ദിപറഞ്ഞ് വീണ്ടും കൊട്ടാരത്തിലേക്ക് ഓടി. പ്രഭാതമാകുന്നതേയുള്ളൂ. രാഞ്ജിയടക്കം ആരും ഉണര്‍ന്നിട്ടില്ല. അന്തഃപുരത്തില്‍ കടന്ന് വിക്രമാദിത്യന്റെ കബന്ധത്തില്‍ ഭസ്മം പുരട്ടി തലചേര്‍ത്തുവച്ച് മന്ത്രം ജപിച്ചു. ഉറക്കത്തില്‍നിന്നെന്ന മട്ടില്‍ കണ്ണുതിരുമ്മിക്കൊണ്ട് വിക്രമാദിത്യന്‍ ഉണര്‍ന്നു.

ആഹ്ലാദാതിരേകംകൊണ്ട് നിറമിഴികളുമായി തൊട്ടുമുന്നില്‍ ഭട്ടി കൂപ്പുകൈയുമായി നില്‍ക്കുന്നു.

‘എന്താണിതൊക്കെ?’-കിടക്കയിലെ രക്തക്കറയും മറ്റും കണ്ട് അദ്ഭുത പരതന്ത്രനായി വിക്രമാദിത്യന്‍ ചോദിച്ചു. ഭട്ടി എല്ലാം തുറന്നു പറഞ്ഞപ്പോള്‍ ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് കെട്ടിപ്പുണര്‍ന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *