ബി എഫ് 7 എന്ന് വിളിക്കുന്ന രോഗവ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദത്തിന്റെ വരവിൽ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഇന്നലെ രോഗം ബാധിച്ച 51 പേരടക്കം ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം 391 ആണ്.
ഈ മാസം 1,431 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിന രോഗവ്യാപനവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞുതന്നെ നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 540 ആണെങ്കിലും മുൻകരുതൽ എന്ന നിലയിൽ ജാഗ്രത വർധിപ്പിക്കാനും കരുതൽ നടപടികൾക്കായി പൊതു ഇടങ്ങളിൽ മാസ്കിന്റെ ഉപയോഗം നിർബന്ധമാക്കുവാനും ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. അതിനായി പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം വന്നേക്കും. വിമാനത്താവളങ്ങളിലും ശബരിമലയിലും കൂടാതെ ആളുകൾ കൂടുന്ന പൊതു ഇടങ്ങളിലും രോഗലക്ഷണമുള്ളവരിലെ പരിശോധന വർധിപ്പിക്കാനും തീരുമാനം.