web cover 1 b

വായനലോകത്തില്‍ ഇനി ഓഡിയോ കഥകള്‍ മാത്രമല്ല, വായനക്കുള്ള സൃഷ്ടികളും. ആദ്യമായി രാജന്‍ തുവ്വാരയുടെ ബെല്‍ അമി എന്ന നോവലാണ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ബംഗ്ലാവിന്റെയും അവിടെ താമസിക്കുന്ന മലയാളിയായ എഴുത്തുകാരന്റെയും ചിത്രകാരികളായ അയാളുടെ പെണ്‍സുഹൃത്തുക്കളുടെയും ജീവിതമാണ് ഈ നോവല്‍. അസാധാരണമായ ജീവിതഗന്ധവും സുതാര്യതയും ഈ രചനയെ വായനക്കാരിലേക്ക് അനായാസം കൊണ്ടുചെല്ലുന്നു. ബെല്‍ അമിയുടെ ആദ്യത്തെ അദ്ധ്യായം വായിക്കാന്‍ :

ബെല്‍ അമി
രാജന്‍ തുവ്വാര
അദ്ധ്യായം 1

*ഗോസ്റ്റ് റൈറ്റര്‍*
ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയോ ഇരുത്തുകയോ ചെയ്യപ്പെട്ട സ്ഥാവര രൂപമാണ് വീട് എന്ന് നിര്‍വ്വചിക്കാമെങ്കിലും അതിന്റെ ജൈവിക സാധ്യതയുടെ കാര്യത്തില്‍ അരിസ്റ്റോട്ടിലിനുപോലും വ്യക്തമായ നിരീക്ഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ചില വീടുകള്‍ക്ക് വിശിഷ്ടമായ ആത്മാവുള്ളതായി അതിന്റെ നാഥന് തോന്നിയാല്‍ ആ വീടിന് ജീവനുണ്ടെന്ന് ഉറപ്പിയ്ക്കാം എന്ന് വിശ്വസിക്കുന്ന ശുദ്ധഹൃദയനാണ് ഞാന്‍. കണ്ണും കാതും മൂക്കും തുറന്നു വെച്ച് അത് ചുറ്റുപാടും നടക്കുന്നതെല്ലാം കാണുകയും കേള്‍ക്കുകയും ഘ്രാണിക്കുകയും ആവാഹിക്കുകയും ചെയ്യുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുന്‍പാണ് ഞാനീ വീടും തൊടിയും വാങ്ങിച്ചത്. ഈ പുരയിടം സ്വന്തമാക്കുക എന്റെ മോഹമായിരുന്നു. എഴുത്തിനും വായനക്കും എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം. ഇതൊന്നും ചെയ്യാന്‍ കഴിയാത്ത വേളകളില്‍ സ്വപ്നസഞ്ചാരം നടത്തുവാനും അതുവഴി ഉറക്കത്തിന്റെ മേച്ചില്‍പുറങ്ങളിലേക്ക് കടന്നുചെല്ലുവാനുമുള്ള ഇടം. ഇതൊക്കെയായിരുന്നു എന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനം. നൂതന്‍ കണ്‍വില്‍ക്കര്‍ എന്ന കൂട്ടുകാരിയുടെ സഹായത്തോടെയാണ് ഞാനീ സ്ഥലം സ്വന്തമാക്കിയത്.
ബെല്‍ അമി എന്ന് ഈ വീടിന് പേരിട്ടത് ആരായിരിക്കും? പലവട്ടം കൗതുകത്തോടെ ഞാന്‍ ഇത് ആലോചിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍നിന്ന് പതിനാറു കിലോമീറ്റര്‍ തെക്ക് മാറി ഹൊസൂര്‍ ഹൈവെയില്‍ ആള്‍പാര്‍പ്പ് വളരെ കുറവുള്ള സ്ഥലത്താണീ വീട്. ബെല്‍ അമി എന്ന പേരിനടിയില്‍ 1885 എന്ന് കറുത്ത ചായം കൊണ്ട് എഴുതിച്ചേര്‍ത്തിരിക്കുന്നത് മങ്ങിയിട്ടുണ്ട്. പേരും വര്‍ഷവും എഴുതിയത് സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചില്ലുകൂട് തകര്‍ന്നു പോയത് ഓര്‍മ്മപ്പെടുത്തുന്നവിധം ഒരു കഷണം ചില്ല് കൂര്‍ത്ത് പുറത്തേക്കുന്തി നില്‍ക്കുന്നു. ബെല്‍ അമി ഫ്രഞ്ച് പദമാണെന്ന് എനിക്കറിയാം. ഗീ ദ് മോപ്പസാങ്ങ് ബെല്‍ അമി എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. സവിശേഷമായ ആ നോവല്‍ ഞാന്‍ വളരെക്കാലം മുമ്പാണ് വായിച്ചത്. ആ നോവലിന്റെ ഏറ്റവും പുതിയ ചലച്ചിത്രാവിഷ്‌കാരവും ഞാന്‍ കണ്ടിട്ടുണ്ട്. ഉമ തുര്‍മാന്‍ എന്ന അനുഗൃഹീതയായ അഭിനേത്രിയുടെ അഭിനയശേഷി ഉച്ചസ്ഥായിയിലെത്തുന്ന കഥാപാത്രമാണ് മെഡലിന്‍ ഫോറെസ്റ്റിയര്‍. ഏറെ പ്രിയപ്പെട്ട സ്വന്തം ഉല്ലാസനൗകക്കും മോപ്പസാങ്ങ് ഈ പേര് നല്‍കിയിരുന്നു. ഈ ഉല്ലാസനൗകയില്‍ തന്റെ കാമിനിമാര്‍ക്കൊപ്പം ഉല്ലാസയാത്രകള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായിരുന്നു. ഈ ഉല്ലാസനൗകയില്‍ ഫ്രഞ്ച് തീരപ്രദേശങ്ങളിലുള്ള നഗരങ്ങളിലേക്ക് നടത്തിയ സമുദ്രസഞ്ചാരങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സര്‍ ലു.
ബെല്‍ അമി എന്നാല്‍ നല്ല സുഹൃത്ത് എന്നാണര്‍ത്ഥം. ചില നിരൂപകര്‍ ഈ വിശേഷണത്തെ കാമുകന്‍ എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. എങ്കിലും ഈ മനോഹരമായ വീടിനെ നല്ലൊരു കൂട്ടുകാരിയായി കാണാനാണ് എനിക്ക് പ്രിയം. ബെല്‍ അമിയില്‍ ഗീ ദ് മോപ്പസാങ് അവതരിപ്പിക്കുന്ന മെഡലിന്‍ ഫോറസ്റ്റിയറുടെ അനുരാഗദീപ്തി ഈ സ്ഥാവര രൂപിയായ ബെല്‍ അമിക്ക് ഉള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പഴയ മട്ടിലുള്ള മനോഹരമായി നിര്‍മ്മിക്കപ്പെട്ട വലിയ ജനലുകള്‍ അവളുടെ കണ്ണുകളാണെന്നും മുന്‍വാതില്‍ ലാസ്യവതിയായ അവളുടെ ചുണ്ടുകളാണെന്നും നിരൂപിച്ച ഞാന്‍ എന്നെ ജോര്‍ജ് ഡുറോയ് എന്ന വിഷയലോലുപനായ കാമുകനായും സ്വയം സങ്കല്‍പ്പിച്ചു. നമ്മുടെ ആഗ്രഹങ്ങളെ സങ്കല്‍പ്പരൂപത്തിലേക്ക് ആവാഹിക്കുവാന്‍ ആരുടെയും അനുവാദം ആവശ്യമില്ലല്ലോ എന്നാണ് എന്റെ കൂട്ടുകാരിയും പത്രപ്രവര്‍ത്തകയുമായ നൂതന്‍ കണ്‍വില്‍ക്കര്‍ എന്റെ വന്യ കല്‍പ്പനകള്‍ കേള്‍ക്കുമ്പോള്‍ പറയാറുള്ളത്.
ഞാനീ വീട്ടില്‍ ഇരുപത് വര്‍ഷം മുന്‍പ് പതിനഞ്ചു ദിവസം താമസിച്ചിട്ടുണ്ട്. മുംബയില്‍ ടൈംസ് ഓഫ് നേഷനില്‍ സബ് എഡിറ്റര്‍ ആയി ജോലിചെയ്യുന്ന കാലത്താണ് ഞാന്‍ ആദ്യത്തെ നോവലെഴുതുന്നത്. ഹംപി. ഹംപിയില്‍ വിനോദസാഞ്ചാരിയായി വന്നെത്തുന്ന റോബര്‍ട്ടോ കന്റോണ എന്ന ഇറ്റാലിയന്‍ സിനിമോട്ടോഗ്രാഫറുടെയും അയാളുടെ ഗൈഡായി അവതരിക്കുന്ന കാളിന്ദി എന്ന കറുത്ത സുന്ദരിയുടെയും ജീവിതത്തിലേക്കും അവര്‍ തമ്മിലുള്ള പ്രണയബന്ധത്തിന്റെ രസതന്ത്രത്തിലേക്കും സഞ്ചരിക്കുന്ന ഈ നോവല്‍ എന്റെ സാഹിത്യ ജീവിതത്തിലെ എന്നല്ല എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്. ഡേവിഡ് കോളിന്‍സ് എന്ന ഇംഗ്ലീഷ് പ്രസാധകന്‍ അത് പുറത്തിറക്കി. മലയാളത്തിലും ഇംഗ്ലീഷിലും ചിന്തിക്കുകയും ഇംഗ്ലീഷില്‍ എഴുതുകയുമാണ് എന്റെ സാഹിത്യശീലം. കൊച്ചന്നാമ്മ ടീച്ചര്‍ പഠിപ്പിച്ച മലയാളം, പ്രഭാകരമേനോന്‍ മാഷ് പഠിപ്പിച്ച ഇംഗ്ലീഷ്, സരസ്വതിടീച്ചര്‍ പഠിപ്പിച്ച ഹിന്ദി, പ്രൊബല്‍ ദാസ്ഗുപ്ത പകര്‍ന്നുതന്ന ഭാഷാശാസ്ത്രസിദ്ധാന്തങ്ങള്‍ : ഭാഷകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്ന അക്കാദമിക് ഇമേജുകള്‍ ആണിവ.
തിരികെ ബെല്‍ അമിയിലേക്ക്. നിരവധി വൃക്ഷങ്ങളുള്ള തൊടി. രണ്ടു നിലകളുള്ള വിശാലമായ വീട്. വലിയ മുറികള്‍ രണ്ടെണ്ണം താഴെ, വിശാലമായ മുറികള്‍ രണ്ടെണ്ണം മുകളില്‍. മുറികള്‍ക്കെല്ലാം കൂട്ടു ചേര്‍ന്ന് കുളിമുറികള്‍. മുകളില്‍ നീളന്‍ നാടശാല. ചുറ്റുഗോവണി. താഴെ വലിയ ഹാള്‍, മുന്നില്‍ അഭിജാതഭംഗിയുള്ള പൂമുഖം. വാതിലുകള്‍ക്കെല്ലാം കടുംതവിട്ട് നിറം, ജനലുകള്‍ക്ക് വാന്‍ഗോഗിയന്‍ മഞ്ഞ നിറം. ഒരാള്‍പൊക്കമുള്ള ഗേറ്റിന്റെ അത്രതന്നെ ഉയരം ചുറ്റുമതിലിനുമുണ്ട്. ‘ഹംപി’യുടെ അവസാന ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ വന്നപ്പോള്‍ ആ പതിനഞ്ചു ദിവസം താഴത്തെ ഇടതുവശത്തുള്ള മുറിയിലാണ് ഞാന്‍ താമസിച്ചത്. അന്ന് ഈ വീട്ടില്‍ താമസിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കി തന്നത് ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ എന്റെ അന്നത്തെ സഹപ്രവര്‍ത്തകയും പെണ്‍സുഹൃത്തുമായിരുന്ന നൂതന്‍ കണ്‍വില്‍ക്കര്‍. ടൈംസ് ഓഫ് നേഷന്റെ ബാംഗ്ലൂര്‍ കറസ്‌പോണ്ടന്റ് ആയിരുന്ന നൂതനും ഞാനും ഒന്നിച്ച് അനേകം യാത്രകള്‍ നടത്തിയിട്ടുണ്ട്. മുംബൈയിലിരുന്ന് ഹംപി പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ സങ്കടംകൊണ്ടപ്പോള്‍ അവള്‍ എന്നെ ബാംഗ്ലൂര്‍ക്ക് വിളിച്ചു. ബാംഗ്ലൂരില്‍നിന്ന് എന്നെ ഈ വീട്ടിലേക്ക് അവളുടെ കാറില്‍ കൊണ്ടുവന്നു. എന്റെ മുറി വൃത്തിയാക്കുവാനും ആഹാരം ഉണ്ടാക്കി തരുവാനുമായി അന്ന് ചിന്നയ്യന്‍ എന്ന് പേരുള്ള ഒരു തമിഴനെ അവള്‍ ഏര്‍പ്പാടാക്കിതന്നു. പതിനഞ്ചു ദിവസം ഞാന്‍ രാപകല്‍ നോക്കാതെ ജോലിചെയ്തു. ഹംപിയുടെ പല ഭാഗങ്ങളും മാറ്റിയെഴുതി. കാളിന്ദിയെന്ന ടൂര്‍ ഗൈഡിനെ ,കരിമഷിപോലുള്ള മെലിഞ്ഞ സുന്ദരിയെ, ഓറിയെന്റല്‍ ഇറോസ് എന്ന വിശേഷണത്തിലേക്ക് പരിണമിപ്പിച്ചെടുത്തു.നൂതന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ആ നോവല്‍ പൂര്‍ത്തീകരിക്കുന്ന കാര്യം സംശയകരമാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.
അന്ന് എന്നെ ഏറ്റവും ആകര്‍ഷിച്ച കൗതുകങ്ങളിലൊന്നായിരുന്നു ഈ വീടിന്റെ തൊടി. പുലര്‍ച്ചെ ഏതാണ്ട് നാലുമണിക്ക് മുന്‍പ് പക്ഷികളുണര്‍ന്ന് അവരുടെ ദിനചര്യയാരംഭിക്കും. ആ സമയത്തു തന്നെ ഞാന്‍ എഴുന്നേല്ക്കും, ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും ചിന്നയ്യന്‍ എഴുന്നേറ്റ് ചായ ഇട്ട് ഫ്‌ളാസ്‌കില്‍ വെച്ചിട്ടുണ്ടാകും. ആറുമണി വരെ ഞാന്‍ നിരന്തരം എഴുതും. ചുറ്റും നടക്കുന്നതൊന്നും അറിയാതുള്ള മനനം. ആറുമണിയാകുമ്പോള്‍ ഹൈവെയില്‍നിന്ന് ഈ തൊടിയുടെ ഓരം ചാരി ഇടത്തോട്ട് പോകുന്ന വഴിയിലൂടെ നടക്കും. ആ വഴിയുടെ രണ്ടു ഭാഗത്തും വയലുകള്‍. പച്ചപ്പപ്പ് നിറഞ്ഞ പ്രദേശം. നടത്തത്തിനിടയില്‍ വയലുകളില്‍ പണിയെടുക്കുന്ന ഗ്രാമീണരെ കാണാം. കറുത്ത അല്പവസ്ത്രധാരികളായ മനുഷ്യര്‍. ആ വഴിയിലൂടെ കുറച്ചുകൂടി നേരെ മുന്നോട്ട് നടന്നാല്‍ ഒരു കുളക്കരയിലെത്തും അവിടെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചുനടക്കും. ആ നാട്ടിന്‍പുറം സംസാരിക്കുന്നത് പ്രകൃതിയുടെ ഹരിതസമൃദ്ധിയോലും ഭാഷ.
ആ പ്രഭാത നടത്തം എനിക്ക് അസാധാരണമായ ഊര്‍ജവും ഉന്മേഷവും നല്‍കി.
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ നൂതന്‍ വന്നു. കാറില്‍ എനിക്കാവശ്യമുള്ള സാധനസാമഗ്രികളുമായാണ് അവള്‍ വന്നത്. അതെല്ലാം എന്റെ മുറിയില്‍ വെച്ചശേഷം സന്ധ്യയോടെ അവള്‍ മടങ്ങി. അവള്‍ പോകാനൊരുങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു, നീ ഇന്നിവിടെ താമസിക്കുന്നോ?
എഴുത്തിനിടക്ക് സാറിനെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഞാന്‍ അവളെ സങ്കടത്തോടെ നോക്കി. അവളുടെ മനസ്സലിഞ്ഞു.
അന്ന് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ ഒരു ക്വിക്കിയില്‍ ഏര്‍പ്പെട്ടു. പതിനഞ്ചുമിനിട്ട് നേരംകൊണ്ടുള്ള പ്രണയ നിര്‍വ്വഹണം. അതുകഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:
‘സര്‍ ഭയങ്കരനാണ്. എ സൈലന്റ് ബുള്‍. മോപ്പസാനും അങ്ങനെയായിരുന്നു. സൈലന്റ് ബുള്‍.’
നൂതന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു മോപ്പസാങ്. മോപ്പസാങ്ങിനെക്കുറിച്ച് പറയുമ്പോള്‍ സ്വന്തം കാമുകനെക്കുറിച്ച് പറയുംപോലെ പ്രണയവായ്‌പോടെയാണവര്‍ സംസാരിക്കുക. മോപ്പസാങ്ങിന്റെ കഥകളും നോവലുകളും അവള്‍ക്ക് ഹൃദിസ്ഥം. ഞാന്‍ മോപ്പസാങ് എന്ന് പറയുമ്പോള്‍ അവള്‍ തിരുത്തും:
‘മോപ്പസാങ് അല്ല ശരി മോപ്പസാന്‍ ആണ്.ചിലര്‍ അവസാനത്തിലുള്ള ഠക്ക് നാസല്‍ സ്‌ട്രെസ്സ് കൊടൂക്കുന്നതാണ് പ്രശ്‌നം’
അവള്‍ അങ്ങനെ തിരുത്തിയിട്ടൂം ഇപ്പോഴും ഞാന്‍ മോപ്പസാങ് എന്നുതന്നെ ചിന്തിക്കുന്നു, പറയുന്നു.
പതിനഞ്ചാം ദിവസമാണ് നൂതന്‍ വീണ്ടും ഈ വീട്ടിലെത്തിയത്. ഇത്തവണ അവള്‍ക്കൊപ്പം അവളുടെ ഭര്‍ത്താവുണ്ടായിരുന്നു. മൈസൂര്‍ സര്‍വ്വകലാശാലയില്‍ ഫിസിക്‌സ് പ്രൊഫസറായിരുന്നു അരവിന്ദ്. അന്‍പത് വയസ്സിനടുത്ത് പ്രായം കാണും. പത്തുവര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന അവര്‍ രേഖാമൂലം വിവാഹിതരൊന്നുമല്ല. അയാള്‍ക്ക് വിവാഹിതനാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും നൂതന് അതിനോട് യോജിപ്പില്ല .അയാള്‍ കാര്‍ പോര്‍ച്ചിലേക്ക് കയറ്റിയിടാന്‍ പോയപ്പോള്‍ അവള്‍ ഒരൊറ്റ ശ്വാസത്തില്‍ എന്നോട് പറഞ്ഞു:
‘വിആര്‍ ലിവിങ് ലൈക്ക് എ സേക്രഡ് കപ്പിള്‍. ഒഫീഷ്യലി അണ്‍ മാരീഡ്, സ്ലീപ്‌സ് ഇന്‍ എറോടോളോജിക്കല്‍ സാങ്ങ്റ്റിറ്റി’
അവളുടെ നൂതനമായ സിദ്ധാന്തം കേട്ടപ്പോള്‍ എനിക്ക് കൗതുകം തോന്നി. ഞാന്‍ അതിനോട് ഇങ്ങിനെ പ്രതിവചിച്ചു.
‘അണ്‍ മാര്യേജ് ഹാപ്പെന്‍സ് ഒഫ്റ്റണ്‍ ഇന്‍ യൂര്‍ സേക്രഡ് ലൈഫ്.’
എന്റെ മറുപടി കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.
ആ ചിരി കെട്ടടങ്ങുംമുന്‍പേ അരവിന്ദ് ഞങ്ങളുടെ അടുത്തെത്തി.
അയാളും ആ തമാശയില്‍ പങ്കു കൂടി. എറോട്ടിക്ക് ജോക്‌സ് പോലെ ആസ്വാദ്യകരമായ മറ്റൊരു ഭാഷാരൂപം വേറെയില്ലെന്ന് അയാള്‍ വിശ്വസിക്കുന്നു.
അന്നുച്ചക്ക് ചിന്നയ്യനെ അടുക്കളയില്‍നിന്ന് മാറ്റിനിര്‍ത്തി അവള്‍ എനിക്ക് വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കി തന്നു. അതു കഴിച്ച് ഞാന്‍ ഉച്ചക്ക് നന്നായി ഉറങ്ങി.
ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ നൂതന്‍ എന്റെ അരികില്‍ വന്നു.
‘അരവിന്ദ് മുകളിലെ മുറിയില്‍ ഉറങ്ങുകയാണ് അയാളെ ഞാന്‍ മുലകൊടുത്ത് ഉറക്കി. ഇനി അയാള്‍ രണ്ടു മണിക്കൂര്‍ നേരം ഉറങ്ങും. അതിനിടക്ക് നമുക്കൊന്ന് പ്രണയിക്കാം? സാറിന്റെ ഹംപിയുടെ വകയില്‍?’
സാധാരണ പതിനഞ്ചു മിനിറ്റെടുക്കുന്ന ‘ക്വിക്കി’ അന്ന് അരമണിക്കൂര്‍ നീണ്ടു.
അതുകഴിഞ്ഞു നൂതന്‍ അരവിന്ദിനടുത്ത് ചെന്ന് കിടന്നുറങ്ങി.
നൂതന്‍ നല്‍കിയ പ്രചോദനത്തിന്റെ വീര്യത്തില്‍ ഞാന്‍ വൈകുന്നേരം വരെ അനുസ്യൂതം എഴുതി. ഹംപിയുടെ അവസാനവട്ട ചെത്തിമിനുക്കലുകള്‍ക്ക് തീര്‍പ്പാക്കി.
അന്ന് വൈകുന്നേരം അവിടെ നിന്ന് ഞങ്ങള്‍ മടങ്ങി.
മടങ്ങാന്‍ നേരം നൂതന്‍ ഗേറ്റ് അടയ്ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:
‘ഒരു പെണ്ണും ഈ വീടിനൊക്കുകയില്ല.’
അവള്‍ എന്നെ കൗതുകത്തോടെ നോക്കി.
‘എന്നെ ഇത് പുറകോട്ട് മാടി വിളിക്കുന്നു. എന്തൊരു ഗരിമയാണിവള്‍ക്ക്. കഴിഞ്ഞ പതിനഞ്ചു ദിവസം ഞാന്‍ എഴുതിയത് ഇവള്‍ ഉരുവിട്ടുതന്ന വാക്കുകളാണ്. ഇതിനകത്തെ മരങ്ങള്‍ക്കും കിളികള്‍ക്കും ലഹരി പിടിപ്പിക്കുന്ന സ്വരമാണ്. കരിയിലകള്‍ പോലും കാവ്യദേവതയുടെ മര്‍മ്മര ഭാഷയുരുവിട്ടാണ് കാറ്റിനൊപ്പം ചരിക്കുന്നത്.’
അവള്‍ പാതി കളിയായും, പാതി കാര്യമായും പറഞ്ഞു:
‘നമുക്കിപ്പോള്‍ പോകാം. സാറിന് ഈ വീടിനോട് അത്രക്ക് മോഹം തോന്നുന്നെങ്കില്‍ ഇത് വിലക്ക് വാങ്ങി കുടി പാര്‍ക്ക്.’
അരവിന്ദ് ആണ് മടക്കയാത്രയില്‍ കാറോടിച്ചത്. യാത്രക്കിടെ നൂതന്‍ ഈ വീടിന്റെ ഉടമസ്ഥനെക്കുറിച്ചു പറഞ്ഞു. മനുഭായ് ഷാ എന്ന ഗുജറാത്തി വണിക്കിന്റെ ഒഴിവുകാല വസതിയായിരുന്നു ഇത്. അയാള്‍ക്ക് മുന്‍പ് ബാംഗ്ലൂര്‍ നഗരത്തില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഡോക്ടര്‍ സുധാകര്‍ ഭോസ്ലേയുടെ കൈവശമായിരുന്നു ഈ ബംഗ്‌ളാവ് . ഡോക്ടര്‍ സുധാകറിന്റെ അച്ഛന്‍ ഡോക്ടര്‍ നാരായണ്‍ ഭോസ്ലേ ഇംഗ്ലണ്ടില്‍നിന്ന് മെഡിക്കല്‍ ബിരുദമെടുത്തയാളായിരുന്നു. ബെല്‍ അമീ അയാള്‍ നല്‍കിയ പേരായിരിക്കാനാണ് സാധ്യത. ഡോക്ടര്‍ നാരായണ്‍ ഭോസ്ലെ ബെല്‍ അമീയെക്കാള്‍ ഭോഗമോഹിയായിരുന്നുവെന്നാണ് കേഴ്വി. ഒപ്പം മികച്ച ചികിത്സകനും സാഹിത്യ കുതുകിയും.
‘നീ ഈ കഥ എവിടെനിന്ന് കണ്ടെടുത്തു?’
‘മനുഭായ് ഷാ യുടെ മകന്‍ അനില്‍ നമ്മുടെ ടൈംസ് നേഷന്റെ മേജര്‍ ഷെയര്‍ ഹോള്‍ഡറാണ്. അയാളാണ് വാടകയില്ലാതെ ഈ വീട് സാറിന് താമസിക്കാന്‍ തന്നത്.’
അവള്‍ പിന്‍ സീറ്റിലേക്ക് തിരിഞ്ഞിരുന്നാണ് ഈ കഥയത്രയും പറഞ്ഞത്.
ഈ വീടിന് എന്ത് വില കൊടുക്കേണ്ടിവരും? എന്റെ ചോദ്യം കേട്ട് അവള്‍ നിര്‍ലോഭം ചിരിച്ചു.
ഞാന്‍ ശബ്ദത്തിന് കുറച്ചുകൂടി ഗൗരവം കൊടുത്തുകൊണ്ട് പറഞ്ഞു:
‘ഞാന്‍ കളിയായി ഒന്നും പറയാറില്ലെന്ന് നിനക്കറിയില്ലേ?’
ഇത്തവണ അവള്‍ ഞാന്‍ പറഞ്ഞതിന്റെ ഗൗരവമുള്‍ക്കൊണ്ടു.
‘ഒരു പത്തു ലക്ഷം രൂപ വേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു’ നൂതന്‍ അനുമാനിച്ചു.
‘പത്തുലക്ഷം രൂപയോ? ഈ പഴഞ്ചന്‍ വീടിനോ? അതും ഈ ജനവാസമില്ലാത്ത സ്ഥലത്ത്?’
‘ഞാന്‍ ഒരു ഊഹക്കണക്ക് പറഞ്ഞതാണ്.’
‘ഉം…’
ആ സംഭാഷണം അന്നവിടെ അവസാനിച്ചു. ആ വീട് എന്റെ മനസ്സില്‍ മോപ്പസാങ്ങിന്റെ പ്രശസ്ത നീണ്ട കഥയായ മദാം തെല്ലിയെയുടെ വിനോദകേന്ദ്രം പോലെ പ്രലോഭന രൂപമായി കിടന്നു.
തിരക്കുപിടിച്ച ഡസ്‌ക് വര്‍ക്കിനും നൈറ്റ് ഷിഫ്റ്റുകള്‍ക്കുമിടയില്‍ ഞാന്‍ ബെല്‍ അമീയുടെ സ്വപ്നം ഒരു വശത്തേക്ക് മാറ്റിയിട്ടു. ഹംപിയുടെ റ്റൈപ്ഡ് സ്‌ക്രിപ്റ്റ് നൂതന്‍ തന്നെ ഡേവിഡ് കോളിന്‍സിന്റെ എഡിറ്റോറിയല്‍ ഓഫീസില്‍ എത്തിച്ചു.
സ്‌ക്രിപ്റ്റിന്റെ പിന്നാലെ പോകുന്ന ശീലം എനിക്കില്ലാത്തതിനാല്‍ ആ കൃതി അവിടെ ഏതോ ഷെല്‍ഫില്‍ വിശ്രമിച്ചു. നൂതന്‍ ടൈംസില്‍ നിന്ന് പയനീറിലേക്ക് മാറി. അവിടെ പണം മാത്രമല്ല മികച്ച ന്യൂസ് എഡിറ്റര്‍ പദവിയും അവള്‍ക്കു ലഭിച്ചു. ഞങ്ങള്‍ തമ്മില്‍ നിരന്തരമായ ബന്ധമില്ലാതെയായി.
ഒരുദിവസം എനിക്ക് നൂതന്റെ ടെലിഫോണ്‍.
‘വിജയചന്ദ്രന്‍ സര്‍… ഞാന്‍ ഒരു രസകരമായ കഥ പറയാനാണ് വിളിച്ചത്. എനിക്കും സാറിനും ഗുണകരമാകുന്ന കഥ. പക്ഷേ അതിനുമുന്‍പ് ഒരു നല്ല വാര്‍ത്ത പറയാം…’
‘രണ്ടും പറയൂ…’
‘ഡേവിഡ് കോളിന്‍സ് ഹംപി ഉടന്‍ ഇറക്കുന്നു.’
‘ഉം…’ ഞാന്‍ മൂളി
‘എന്താണ് സന്തോഷമില്ലാത്തതുപോലെ, സര്‍?’
‘ഞാന്‍ അത് ഉപേക്ഷിച്ചതായിരുന്നു.’
‘അയ്യോ…’
‘എഴുതുന്നത് മുഴുവന്‍ പ്രസിദ്ധീകരിച്ചുകൊള്ളാമെന്ന് ഞാന്‍ ശപഥമൊന്നും എടുത്തിട്ടില്ല.’
എന്റെ വാക്കുകള്‍ ഇത്ര പരുഷമാകാന്‍ പാടില്ലായിരുന്നുവെന്ന് അടുത്ത നിമിഷം ഞാന്‍ ശങ്കിച്ചു.
ഫോണിന്റെ മറുതലക്കല്‍ നിശബ്ദത.
‘സോറി സര്‍, തിരക്ക് മൂലമാണ് ഞാന്‍ വിളിക്കാഞ്ഞത്.’
അവള്‍ ഫോണ്‍ വെച്ചു.
അന്നു വൈകുന്നേരം ഞാന്‍ താമസിക്കുന്ന അപാര്‍ട്‌മെന്റില്‍ മടങ്ങിച്ചെല്ലുമ്പോള്‍ നൂതന്‍ സെസക്യൂരിറ്റിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു. എന്നെ കണ്ടയുടന്‍ അവള്‍ തിടുക്കപ്പെട്ട് വന്ന് എന്റെ കൈ കവര്‍ന്നു.
‘നീ ഇത്ര പെട്ടെന്ന് മുംബയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.’
‘ഞാന്‍ ഇന്ന് രാവിലെ ഇവിടെ എത്തി. ഞങ്ങളുടെ മുംബൈ ഓഫീസില്‍നിന്നാണ് ഞാന്‍ സാറിനെ വിളിച്ചത്.’
‘എന്താ മുന്നറിയിപ്പില്ലാതെ?’
‘എനിക്കൊരു സഹായം വേണം.’
‘ഉം….’
‘നമുക്ക് അകത്തിരുന്നു സംസാരിച്ചുകൂടെ?’
‘ആകാം.’
അവള്‍ ചായ ഇട്ടു തന്നു. അതിനിടയില്‍ അവള്‍ക്ക് വേണ്ട സഹായം അഭ്യര്‍ത്ഥിച്ചു.
‘ഗോസ്റ്റ് റൈറ്റിങ്’ അവള്‍ പറഞ്ഞു.
‘ഞങ്ങളുടെ മുതലാളി ഹര്‍മീന്ദര്‍ ബിട്ട നോര്‍വെയിലും സ്വീഡനിലും ഐസ് ലാന്‍ഡിലും പോയിരുന്നു. അയാള്‍ എന്തൊക്കെയോ ഡയറിയില്‍ കുറിച്ചു വെച്ചിട്ടുണ്ട്. അതൊരു ട്രാവലോഗ് രൂപത്തിലേക്ക് മാറ്റിഎടുക്കണം. എനിക്കൊരു ഐഡിയയുമില്ല.’
‘എനിക്കെവിടെ സമയം? രാത്രി രണ്ടു മണിയാകും അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തുമ്പോള്‍. പിന്നെ ലീവ് എടുക്കണം. അത് ബുദ്ധിമുട്ടാണ്.’
അവളുടെ മുഖത്തെ നിരാശ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി.
അവള്‍ പറഞ്ഞു
‘എനിക്ക് റസിഡന്റ് എഡിറ്റര്‍ ആയി പ്രൊമോഷന്‍, സാറിന് നല്ല പ്രതിഫലം.’
‘നിനക്ക് പ്രൊമോഷനോ?’
‘അതെ. കിളവന് എന്നെ അല്ലെങ്കിലും വലിയ കാര്യമാണ്. പുസ്തകം തയ്യാറാക്കിയാല്‍ പിന്നെ പറയേണ്ടതുണ്ടോ. കിളവന്‍ തന്നെയാണ് സാറിനെ കണ്ട് പറയാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്.’
എന്റെ മറുപടി അവളുടെ മുഖത്ത് ഇപ്പോള്‍ പ്രതീക്ഷയുടെ തെളിച്ചമുണ്ടാക്കിയതായി എനിക്ക് തോന്നി.
‘എന്നെ നിരാശപ്പെടുത്തരുത്. ‘വിജയചന്ദ്രന് ഈ ഡയറിയും ഫോട്ടോകളും ചെക്കും കൊടുത്ത് എഴുത്ത് നടക്കുന്നു എന്ന് ഉറപ്പാക്കിയിട്ടേ മടക്കം വേണ്ടൂ’ എന്നാണ് ബിട്ടാജിയുടെ കല്പ്പന.’
‘മെറ്റീരിയല്‍ കണ്ടിട്ട് കുറഞ്ഞത് ഒരു മാസം ലീവെടുക്കേണ്ടി വരും. ഞാന്‍ നോക്കട്ടെ. ഇത്രയധികം ദിവസം ലീവെടുത്താല്‍ ഞാന്‍ എങ്ങനെ ജീവിക്കും?’
‘അതിന് ഞാന്‍ പരിഹാരമുണ്ടാക്കാം.’
അവളുടെ കണ്ണുകളില്‍ എത്ര പെട്ടെന്നാണ് ആശ്വാസത്തിന്റെ തെളിനീരൊഴുകിയത്.
യാതൊരു പരിധിയുമില്ലാതെ അവള്‍ എന്റെ ചുണ്ടില്‍ ചുംബിച്ചു. എന്റെ ചുണ്ടുകള്‍ അപ്രത്യക്ഷമായി. ശ്വാസം കിട്ടാതായപ്പോള്‍ ഞാന്‍ കുതറി മാറി.
‘യെസ് എന്നു പറയാതെ ഞാന്‍ പോവില്ല.’
‘ഹോ… എന്നെ വിട്…’
അവളുടെ വിയര്‍പ്പിന്റെ ഗന്ധം എന്റെ ഞരമ്പുകളിലേക്ക് കയറാനൊരുങ്ങിയപ്പോള്‍ ഞാന്‍ തെന്നി മാറി. അല്ലെങ്കില്‍ നിയന്ത്രണം നഷ്ടപ്പെടും…
നൂതന്‍ വിശദീകരിച്ചു.
‘സര്‍ ഹംപിയുടെ കാര്യമോര്‍ത്ത് ഉത്കണ്ഠ വേണ്ട. ഡേവിഡ് കോളിന്‍സ് ഹംപി ഉടന്‍ ഇറക്കും. അവരതിന്റെ പ്രോസസ്സിംഗ് തുടങ്ങിക്കഴിഞ്ഞു. അത് വൈകിയതിനുള്ള ക്ഷമാപണം ചോദിച്ചുകൊണ്ട് സാറിന് കത്ത് വരും. ഹര്‍മിന്ദര്‍ ബിട്ട ചില്ലറക്കാരനല്ലെന്ന് ഇന്നലെയാണ് എനിക്ക് മനസ്സിലായത്. ഏതു പുസ്തകമായാലും സമയത്തിനിറങ്ങണം. ഇല്ലെങ്കില്‍ അതിന്റെ കാലിക പ്രസക്തി നഷ്ടപ്പെടും. അങ്ങേര്‍ക്ക് സാറിനോടുള്ള മതിപ്പു കൊണ്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ടത്. എന്നോട് ഒരു കാര്യമേ ബിട്ടാജി ആവശ്യപ്പെട്ടുള്ളു. അദ്ദേഹത്തിന്റെ യാത്രാനുഭവം വിജയചന്ദ്രന്‍ പുസ്തകമാക്കിക്കൊടുക്കണം. നമ്മള്‍ മൂന്നുപേരല്ലാതെ, ഇത് മറ്റാരും തന്നെ അറിയാന്‍ പാടില്ല. ആ ഉറപ്പ് പാലിക്കണം.’
‘ഞാന്‍ കരാറിലൊന്നും ഒപ്പിടുന്ന പ്രശ്‌നമില്ല.’
‘വേണ്ട, ഈ ചെക്ക് വാങ്ങിച്ചാല്‍ മതി.’
ഞാന്‍ കുറച്ചുനേരം അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു. അവള്‍ മുഖം കറുപ്പിക്കുന്നത് അത്യപൂര്‍വമായിട്ട് മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ഉള്ളതെന്തും യാതൊരു മറയുമില്ലാതെ തുറന്നു പറയും.
‘നീ അരവിന്ദിനെ ബാംഗ്ലൂരില്‍ ഉപേക്ഷിച്ചു പോന്നോ?’
‘ഇല്ല. ഞാന്‍ ഇടക്ക് ബാംഗ്ലൂരില്‍ ചെന്ന് സമ്പന്നനായ ആ പാവത്തെ ഉറക്കാറുണ്ട്, അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. കുട്ടികളെപ്പോലെയാണ് ആ മനുഷ്യന്‍. എന്റെ അകിടിന്റെ ചൂടാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലഹീനത.’
നൂതന് ഒരു കാര്യത്തിലും സങ്കോചത്തിന്റെ പരിധികളില്ല.
ഞാന്‍ എല്ലാം ഗോപ്യമാക്കുന്നു എന്നാണവളുടെ പരാതി.
‘ഇതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ, സര്‍ദാര്‍ ജി?’
ഞാന്‍ പുസ്തകത്തിന്റെ കാര്യത്തിലേക്ക് മടങ്ങി വന്നു.
‘എത്ര വേഗം തരുന്നോ അത്രയും വേഗത്തില്‍ എനിക്ക് പ്രൊമോഷന്‍. സാറിന് പ്രതിഫലം.’
‘നീ ഇനി എന്നു വരും?’
‘എപ്പോള്‍ വിളിച്ചാലും വിളിപ്പുറത്തുണ്ടായിരിക്കും.’
‘ശരി. നീ എനിക്ക് ബെല്‍ അമീ ഏര്‍പ്പാട് ചെയ്ത് തരുമോ?’
‘പിന്നെന്താ… പക്ഷേ നാലഞ്ചു ദിവസത്തെ സാവകാശം വേണം അവിടെ ഇപ്പോള്‍ നിങ്ങളുടെ മുതലാളി അനില്‍ ഭായിയും ഭാര്യയും ഒഴിവുകാലത്തിന്റെ ലഹരി ആസ്വദിക്കുകയാണ്. അതുകഴിഞ്ഞാല്‍ അത് സാറിന്.’
അന്ന് രാത്രിയില്‍ ഞങ്ങള്‍ പുറത്തുപോയി ഡിന്നര്‍ കഴിച്ചു. അവള്‍ ഒരു വലിയ കുപ്പി വിസ്‌കി വാങ്ങിക്കൊണ്ടുവന്നിരുന്നു. അന്നു രാത്രി വിവസ്ത്രരായിരുന്നുകൊണ്ട് ഞങ്ങള്‍ മദ്യപിച്ചു. അസാധാരണ പ്രണയലീലകളിലേര്‍പ്പെട്ടു.
ഇടക്ക് അവളോട് ഞാന്‍ പറഞ്ഞു:
‘നമ്മള്‍ രണ്ടുപേരും വിവസ്ത്രരാണ്, തുല്യര്‍. ഇനി നീ എന്നെ സര്‍ എന്നു വിളിക്കരുത്.’
അവള്‍ എന്റെ ചുമലിലും ചെവിയിലും കടിച്ചു.
‘ഇത് ഹംപി എഴുതിയതിന്…’
മദ്യലഹരിയിലായിരുന്നിട്ടും എനിക്കവള്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായി.
‘ഞാന്‍ മാത്രമേ അത് ഒരാഴ്ച്ച മുന്‍പ് വരെ വായിച്ചിരുന്നുള്ളൂ. മൂന്നുദിവസം മുന്‍പ് ഡേവിഡ് കോളിന്‍സിലെ സീനിയര്‍ എഡിറ്റര്‍മായാങ്ക് ചാറ്റര്‍ജി ആ സ്‌ക്രിപ്റ്റ് വായിച്ചു. ഇങ്ങനെയൊരു ടൈറ്റില്‍ വെച്ചുതാമസിപ്പിച്ചതിന്റെ പേരില്‍ അയാള്‍ പബ്ലിക്കേഷന്‍ കമ്മിറ്റിയില്‍ ബഹളമുണ്ടാക്കി… അതിനിടക്ക് ബിട്ടാജി ഇടപെട്ടു. അതില്‍പിന്നെ കോളിന്‍സിലെ കോപ്പി എഡിറ്റര്‍ എന്നെ മൂന്നു തവണയാണ് വിളിച്ചത്….’
‘ഉം…’
‘ഹംപിയിലെ റോബര്‍ട്ടോ കന്റോണ പരിചയമുള്ള കഥാപാത്രമാണോ?’
‘അല്ല. പൂര്‍ണമായും എന്റെ കല്പന.’
‘അയാള്‍ അതിശയജീവിയാണ്’ അവള്‍ നിരൂപിച്ചു
അവള്‍ പറയുന്നതില്‍ അതിശയമില്ലെന്ന് ഞാന്‍ തലയാട്ടി.
പിറ്റേന്ന് രാവിലെ ഞാന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ നൂതന്‍ പോകാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. ജീന്‍സും ജുബ്ബയും ധരിക്കാറുള്ള മറാഠി സുന്ദരി ചോളി ധരിച്ചത് കണ്ടപ്പോള്‍ ഞാന്‍ അല്പമൊന്ന് അതിശയിച്ചു. അങ്ങനെയൊരു ഉടയാടയില്‍ അവളെ ആദ്യമായ് കാണുകയാണ് ഞാന്‍
‘ഇന്നെന്താ, മുംബൈ കൊച്ചമ്മയാണല്ലോ?’
‘ഇടക്കൊരു മാറ്റം വേണ്ടേ?’ അവള്‍ കണ്ണിറുക്കിക്കാണിച്ചു.
‘വേണം വേണം തീര്‍ച്ചയായും വേണം.’
അവള്‍ പോകാനിറങ്ങുമ്പോള്‍ ഞാന്‍ ഒപ്പമിറങ്ങി.
‘ഞാന്‍ കൂടെ വരണോ?’
‘വേണ്ട സര്‍… സോറി വിജയ്, സര്‍ എന്നേ വായില്‍ വരുന്നുള്ളു.’
‘അത് വേണ്ട. നമ്മള്‍ തമ്മില്‍ ഒഫീഷ്യല്‍ ഹെയ്‌റാര്‍ക്കി കളിക്കേണ്ട.’
‘ശരി…’
ടാക്‌സിയില്‍ കയറാന്‍ നേരം അവള്‍ പറഞ്ഞു:
‘അടുത്ത സണ്‍ഡേ ഞാന്‍ വരും. ഈ പുസ്തകം തീരുന്നതുവരെ എനിക്കിനി എത്ര വട്ടം വേണമെങ്കിലും ഇവിടെ വരാം. ബിട്ടാജി അതിനുള്ള അനുമതി തന്നിട്ടുണ്ട്.’
അന്നു രാത്രി അപ്പാര്‍ട്‌മെന്റില്‍ മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ ബിട്ടയുടെ ഡയറിയും ചിത്രങ്ങളും എടുത്തുനോക്കി. ഓരോ തിയ്യതിയിലും വലിയ അക്ഷങ്ങളില്‍ സ്ഥലങ്ങളുടെ പേരും പരിചയപ്പെട്ട ആളുകളുടെ പേരും കുറിച്ചിട്ടിരിക്കുന്നു, ബിട്ട.
കുറിപ്പുകള്‍ വായിച്ചുനോക്കി. ചിത്രങ്ങള്‍ നോക്കി. ഐസ്ലാന്‍ഡിലെ ചിത്രങ്ങള്‍ കണ്ടാല്‍ ആര്‍ട്ടിക്കിലെ ദൃശ്യങ്ങള്‍ പോലെ. മനോഹരദൃശ്യങ്ങള്‍.
ബിട്ടയുടെ യാത്ര പദ്ധതി രൂപപ്പെടുത്തിയശേഷം എഴുത്ത് ആരംഭിക്കുവാനായിരുന്നു ഞാന്‍ ആലോചിച്ചത്. അങ്ങനെയാകുമ്പോള്‍ പാരായണക്ഷമത വര്‍ദ്ധിക്കും. ഒരു ട്രാവല്‍ ഫിക്ഷന്‍.
ആദ്യത്തെ അദ്ധ്യായം എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ നൂതനെ വിളിച്ചു.
‘ഞാന്‍ എഴുതിത്തുടങ്ങി.’
‘ഗ്രേറ്റ് ഗോയിങ്. ശല്യപ്പെടുത്തേണ്ടെന്ന് കരുതിയാണ് ഞാന്‍ വിളിക്കാത്തത്, കേട്ടോ.’
‘ഓക്കേ. നീ എത്രയും വേഗം ബെല്‍ അമീയില്‍ എനിക്ക് താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്യണം. ഞാന്‍ ഒരുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിക്കഴിഞ്ഞു.’
‘ഓ.. അത് ഉടന്‍ അറേഞ്ച് ചെയ്യാം.’
‘നീ വരികയും വേണം.’
‘നാലഞ്ചു ദിവസത്തേക്ക് ക്ഷമിക്ക്. നാളെ രാവിലെ ബാംഗ്ലൂരില്‍ ചെല്ലുക. അവിടെ നിന്നൊരു ടാക്‌സിപിടിച്ച് ബെല്‍ അമീ. ബാക്കിയെല്ലാം ഞാന്‍ ശരിയാക്കിക്കൊള്ളാം.’
‘ബെല്‍ അമീയുടെ താക്കോല്‍?’
‘ഓ… അങ്ങനെയൊരു പ്രശ്‌നമുണ്ടല്ലേ… ഞാന്‍ ഉടനെ തിരിച്ചുവിളിക്കാം.’
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ നൂതന്‍ വിളിച്ചു.
‘അനില്‍ ഷായുടെ ഡ്രൈവര്‍ താക്കോല്‍ ഇപ്പോള്‍ എത്തിക്കും.’
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് ആ മാന്ത്രികസൗധത്തിന്റെ താക്കല്‍ ലഭിച്ചു.
അന്നു വൈകീട്ടത്തെ വിമാനത്തിന് ഞാന്‍ ബാംഗ്ലൂരില്‍ ഇറങ്ങി.
ഞങ്ങളുടെ സ്ഥാപനത്തിന്റെ ഗസ്റ്റ്ഹൗസില്‍ ഒരു മുറി എനിക്ക് വേണ്ടി ഏര്‍പ്പാട് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് ഞാന്‍ ബാംഗ്ലൂര്‍ എഡിഷനിലെ മാനേജരെ വിളിച്ച് പറഞ്ഞിരുന്നു.
വൈകീട്ട് ഏഴുമണിയോടെ കുളി കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. കന്റോണ്‍മെന്റ് റോഡിലൂടെ കുറച്ചുദൂരം നടന്നു. മഞ്ഞുകാലമല്ലെങ്കിലും ചെറിയ തണുപ്പുണ്ട്. രണ്ടാമത്തെ വളവില്‍ ഞാന്‍ ഇടക്ക് കയറാറുള്ള ഉഡുപ്പി റെസ്റ്റോറന്റ്. അതിന്റെ മാനേജര്‍ മലയാളിയാണ്. കണ്ണൂര്‍ക്കാരന്‍. അയാള്‍ എന്നെ കണ്ടപ്പോള്‍ പരിചയം പുതുക്കി.
‘ഇപ്പളും ബോംബെയിലന്ന്യല്ലേ?’
‘അതെ.’
മുംബൈ പല മലയാളികള്‍ക്കും ഇപ്പോഴും ബോബെ തന്നെ.

തുടരും

(Copy Right Reserved)

ബെല്‍ അമി | അദ്ധ്യായം 2

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Join the Conversation

2 Comments

Leave a comment

Your email address will not be published. Required fields are marked *